Mon. Dec 23rd, 2024
കോട്ടയം:

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദുകൾ ഉണ്ടെന്ന ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്കട്ട് ഉടൻ വെളിപ്പെടുത്തണമെന്ന്​ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്‍റ്​ എം ബി അമീൻഷാ ആവശ്യപ്പെട്ടു. ഇല്ലാത്ത ലൗ ജിഹാദും പുതുതായി അദ്ദേഹം നിർമ്മിച്ചെടുത്ത നർക്കോട്ടിക് ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ കൊടിയ ക്രിമിനൽ കുറ്റമാണ്​ ബിഷപ്പ് ചെയ്തിരിക്കുന്നത്​.

പച്ചക്കള്ളം പ്രചരിപ്പിച്ച് രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പടർത്താൻ ശ്രമിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്കാട്ടിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെ സർക്കാർ തയ്യാറാകണം. പാലാ ബിഷപ്പിന്‍റെ അറസ്റ്റിന് വേണ്ടി കേരളത്തിലെ ഇടത് മുന്നണിയിലെയും ഐക്യമുന്നണിയിലെയും നേതാക്കളും മതേതര ലിബറൽ എഴുത്തുകാരും ശബ്ദമുയർത്തണം.

വർഗീയതക്കും വംശീയതക്കും വഴിപ്പെടാത്ത മതേതര ബോധമുള്ള ക്രിസ്​തീയ സമൂഹത്തിലെ നേതാക്കൾ പാലാ ബിഷപ്പിനെയും അദ്ദേഹത്തിന്‍റെ വിദ്വേഷ പ്രചാരണത്തെയും തള്ളിപ്പറയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.