Wed. Jan 22nd, 2025
കൊട്ടാരക്കര:

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം വീടുകൾ പ്രളയഭീഷണിയുള്ള മേഖലകളിൽ പരിഗണിക്കുമെന്നും മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു.

എംടെക് ബിരുദധാരികളായ കൊട്ടാരക്കര പുലമൺ കാപ്പിൽ ഹൗസിൽ ബെൻ കെ ജോർജ്, കോട്ടയം സ്വദേശിനി നൻമ ഗിരീഷ് എന്നിവരാണു പുതിയ വീടിന്റെ ശിൽപികൾ. വെള്ളപ്പൊക്കം വന്നാൽ വീട് ഉയരും. ജലം ഒഴിയുന്നതോടെ പഴയ സ്ഥിതിയിലേക്കു താഴും.

100 ചതുരശ്ര അടിയിൽ നിർമിച്ച വീടിന്റെ മാതൃക ഇഷ്ടമായ മന്ത്രി കോട്ടയം കുറവിലങ്ങാട് നടന്ന ചടങ്ങിൽ ഇരുവരെയും അനുമോദിച്ചു.

നെതർലന്റ്സ്, പോളണ്ട് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രളയമേഖലകളിൽ നിർമിച്ച സമാന വീടുകൾ പരിശോധിച്ച് നാല് വർഷം നീണ്ട പ്രവർത്തനത്തിനൊടുവിലാണു നിർമാണം. ലോക പ്രശസ്തരായ ആർക്കിടെക്ടുകളായ ഡോ ക്രിസ്പ് യുവാൻബർഗ്, ഡോ സി എലിസബത്ത് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

തറ നിരപ്പിൽ ബീം സ്ഥാപിച്ച് അതിനു മുകളിൽ കോൺക്രീറ്റ് നിർമിതമായ ഫൗണ്ടേഷനും നിർമിക്കും. ഫൗണ്ടേഷന്റെ ഉൾഭാഗം ശൂന്യമായിരിക്കും. വീടിനു ചുറ്റുമായി നാല് കോൺക്രീറ്റ് തൂണുകളും ഉണ്ടാകും.