Thu. Apr 18th, 2024
ആറ്റിങ്ങല്‍:

ഖരമാലിന്യസംസ്‌കരണ മികവിന്​ സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരം ലഭിച്ചതോടെ വീണ്ടും ഈ രംഗത്ത്​ അംഗീകാരത്തി​ൻെറ നിറവിൽ ആറ്റിങ്ങൽ നഗരസഭ. മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡി​ൻെറ പുരസ്‌കാരം 14 വര്‍ഷം തുടര്‍ച്ചയായി ആറ്റിങ്ങല്‍ നേടിയിട്ടുണ്ട്.

എക്‌സലൻറ്​ പുരസ്‌കാരവും മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ പുരസ്‌കാരവും ഇതിനിടെ ആറ്റിങ്ങല്‍ നേടി. 4.20 ഏക്കര്‍ ഭൂമിയിലാണ് നഗരത്തിലെ ഖരമാലിന്യപരിപാലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിവസവും 16 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നു.

ബയോഗ്യാസ്, മണ്ണിരകമ്പോസ്​റ്റ്​, വിന്‍ഡ്‌റോ കമ്പോസ്​റ്റ്​ എന്നീ രീതികളിലൂടെയാണ് സംസ്‌കരണം. സംസ്ഥാനത്താദ്യമായി എൻജിനീയറിങ് സാനിട്ടറി ലാന്‍ഡ് ഫില്ലിങ് പദ്ധതി നടപ്പാക്കിയതും ആറ്റിങ്ങലാണ്. 21 വനിതകളും രണ്ട്​ പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പ്ലാൻറിലെ ജോലികള്‍ ചെയ്യുന്നത്.

നഗരസഭാജീവനക്കാരുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിച്ച് പ്ലാൻറിലെത്തിക്കുന്നത്. കാസർകോട്​ സോഷ്യൽ സര്‍വിസ്​ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്ലാൻറിലെ മാലിന്യപരിപാലന പ്രക്രിയകള്‍ നടക്കുന്നത്. മാലിന്യപരിപാലനരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിനുള്ള അംഗീകാരമാണ് തുടര്‍ച്ചയായ പുരസ്‌കാരങ്ങളെന്ന് ചെയര്‍പേഴ്‌സണ്‍ എസ് കുമാരി പറഞ്ഞു.

സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരവും നേടാനായതില്‍ സന്തോഷമുണ്ട്. നഗരത്തി​ൻെറ ശുചിത്വപരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഓരോരുത്തര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.