ആറ്റിങ്ങല്‍:
ഖരമാലിന്യസംസ്‌കരണ മികവിന് സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരം ലഭിച്ചതോടെ വീണ്ടും ഈ രംഗത്ത് അംഗീകാരത്തിൻെറ നിറവിൽ ആറ്റിങ്ങൽ നഗരസഭ. മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിൻെറ പുരസ്‌കാരം 14 വര്‍ഷം തുടര്‍ച്ചയായി ആറ്റിങ്ങല്‍ നേടിയിട്ടുണ്ട്.
എക്‌സലൻറ് പുരസ്‌കാരവും മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ പുരസ്‌കാരവും ഇതിനിടെ ആറ്റിങ്ങല്‍ നേടി. 4.20 ഏക്കര്‍ ഭൂമിയിലാണ് നഗരത്തിലെ ഖരമാലിന്യപരിപാലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിവസവും 16 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നു.
ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ്, വിന്‍ഡ്‌റോ കമ്പോസ്റ്റ് എന്നീ രീതികളിലൂടെയാണ് സംസ്‌കരണം. സംസ്ഥാനത്താദ്യമായി എൻജിനീയറിങ് സാനിട്ടറി ലാന്‍ഡ് ഫില്ലിങ് പദ്ധതി നടപ്പാക്കിയതും ആറ്റിങ്ങലാണ്. 21 വനിതകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പ്ലാൻറിലെ ജോലികള്‍ ചെയ്യുന്നത്.
നഗരസഭാജീവനക്കാരുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിച്ച് പ്ലാൻറിലെത്തിക്കുന്നത്. കാസർകോട് സോഷ്യൽ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്ലാൻറിലെ മാലിന്യപരിപാലന പ്രക്രിയകള്‍ നടക്കുന്നത്. മാലിന്യപരിപാലനരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിനുള്ള അംഗീകാരമാണ് തുടര്‍ച്ചയായ പുരസ്‌കാരങ്ങളെന്ന് ചെയര്‍പേഴ്‌സണ്‍ എസ് കുമാരി പറഞ്ഞു.
സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരവും നേടാനായതില്‍ സന്തോഷമുണ്ട്. നഗരത്തിൻെറ ശുചിത്വപരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഓരോരുത്തര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.