Thu. Apr 25th, 2024
അത്തിക്കയം:

പേമരുതി- മൂങ്ങാപ്പാറ റോഡ് കണ്ടാൽ കാട് ആണെന്നേ തോന്നൂ. വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡാണെന്നു പറയുകയേ ഇല്ല. ഇഞ്ചമുള്ളും പുല്ലും പടർന്നു കിടക്കുന്നതിനാൽ റോഡിന്റെ ഭാഗം അൽപം പോലും കാണാനും കഴിയില്ല.

കക്കുടുമൺ- അത്തിക്കയം, അഞ്ചുകുഴി- മുക്കം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡാണിത്. ഇതിന്റെ 200 മീറ്റർ ഭാഗം ജനവാസ മേഖലയിലൂടെയും ബാക്കി കരികുളം വനത്തിലൂടെയുമാണു കടന്നുപോകുന്നത്.

കരികുളം വഴിയുള്ള റാന്നി- അത്തിക്കയം റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയതോടെ ഇതുവഴിയുള്ള യാത്രക്കാർ കുറഞ്ഞു. മഴ പെയ്ത് പുല്ലുകൾ തഴച്ചുവളർന്നു. ഒപ്പം മുള്ളും.

റോഡ് കാണാൻ കഴിയാത്ത വിധത്തിൽ മുള്ളു പടർന്നു കിടക്കുകയാണ്. വഴിയിൽ കാട്ടുപന്നി, ഇഴജന്തുക്കൾ എന്നിവയുടെ ശല്യം ഉള്ളതിനാൽ വാഹന യാത്രക്കാർ പോലും ഇതുവഴി പോകാൻ മടിക്കുന്നു. കോഴഞ്ചേരി- മുക്കം റൂട്ടിൽ ഇതുവഴി വർഷങ്ങളോളം സ്വകാര്യ ബസ് സർവീസ് നടത്തിയ റോഡാണിത്.

കാട് കയറി കിടക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കാനുള്ള വഴിയായി ഇത് മാറി. കോഴിക്കട, ഇറച്ചിക്കട എന്നിവിടങ്ങളിലെ മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നു. അസഹ്യമായ ദുർഗന്ധമാണ്. പേമരുതി ഭാഗത്തുള്ളവർക്ക് നാറാണംമൂഴി, അഞ്ചുകുഴി, മുക്കാലുമൺ, ഇട്ടിയപ്പാറ എന്നിവിടങ്ങളിൽ പോകാനുള്ള എളുപ്പവഴിയാണിത്.

കാട് തെളിച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് രണ്ട് തവണ നാറാണംമൂഴി പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെന്നും വനത്തിലൂടെ കടന്നുപോകുന്ന ഭാഗമായതിനാൽ വനപാലകരെയും ഇതിനായി സമീപിച്ചെന്നും നടപടി ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയിംസ് കക്കാട്ടുകുഴി പറഞ്ഞു.