മങ്കൊമ്പ്:
കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ് വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല് ബൈക്കും ഒരു സ്‌കൂട്ടറും കാറും കത്തിച്ചു.
വ്യാഴാഴ്‌ച പുലർച്ചെ വഴിവിളക്ക് അണച്ചശേഷമാണ് കത്തിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരിയിൽ വാഹനങ്ങൾ വീട്ടിൽ എത്തിക്കാൻ വഴി സൗകര്യമില്ലാത്തതിനാൽ പലരും റോഡിൽത്തന്നെയാണ് പാർക്ക് ചെയ്യാറ്. ഇവയാണ് കത്തിച്ചത്.
ഒമ്പതാം വാർഡിൽ പത്തിൽപ്പാലത്തിന് സമീപം പാർക്ക് ചെയ്‌ത സുജീഷ് ഭജനമഠത്തിന്റെയും ഭജനമഠം ക്ഷേത്രത്തിലെ ശാന്തി ബെനീഷിന്റെയും ബൈക്കുകളും 14-ാം വാർഡിൽ കനാച്ചേരിക്ക് സമീപം പാർക്ക് ചെയ്‌ത ജോസഫ് ആന്റണിയുടെ കാറും എൻഎസ്എസ് ജെട്ടിക്ക് സമീപം പാർക്ക് ചെയ്‌ത പ്രവീണിന്റെ രണ്ട് ബൈക്കും മുണ്ടയ്‌ക്കൽ പാലത്തിന് കീഴക്കേ കരയിൽ രാഹുൽ രാജിന്റെ ബൈക്കുമാണ് കത്തിച്ചത്.
ആലപ്പുഴ നഗരത്തില്‍ വഴിച്ചേരി സ്വദേശി കാർത്തിക്കിന്റെ സ്‌കൂട്ടറിനും തീയിട്ടു. വഴിച്ചേരി സ്വദേശി അലന്റെ ബൈക്കും മോഷണം പോയി. ഇത് തോട്ടപ്പള്ളിയിൽനിന്ന് കണ്ടെത്തി.
നാട്ടുകാരും വാഹന ഉടമകളും പൊലീസിൽ പരാതി നൽകി. ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി അൻസറിനെ പൊലീസ് പിടികൂടി.