Mon. Dec 23rd, 2024
തിരുവനന്തപുരം:

ജയിലുകൾ ഉൽപാദനമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നിയതോടെയാണു തടവുകാരുടെ സുരക്ഷയും അച്ചടക്കവും രണ്ടാമതായത്. ഈ പഴുതു മുതലെടുത്താണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കൊലക്കേസിലെ ശിക്ഷാത്തടവുകാരന്റെ രക്ഷപ്പെടൽ.

ജയിൽ മതിലിനു വെളിയിലാണ് പല ഉൽപാദന യൂണിറ്റുകളും പ്രവർത്തിക്കുന്നത് . ജയിലിലെ നല്ല നടപ്പു പരിഗണിച്ചാണു പുറത്തെ യൂണിറ്റുകളിൽ ജോലി കൊടുക്കാറുള്ളത്. ഇന്ധന പമ്പിലും കഫ്റ്റീരിയയിലും ഇത്തരത്തിൽ ഒട്ടേറെ തടവുകാർ ജോലി ചെയ്യുന്നു.

ഇവ ജനങ്ങളുമായി ബന്ധപ്പെടുന്ന യൂണിറ്റുകളാണെങ്കിൽ, ജനങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത അലക്ക് യൂണിറ്റ് പ്രവർത്തിക്കുന്നതും റോഡരികിലാണ്. തടവുകാരുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മാത്രമാണ് ഇവിടെ അലക്കുന്നത്.

റോഡിനും അലക്കു കേന്ദ്രത്തിനുമിടയിൽ മതിലോ, മറ്റു സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ല. മനസ്സുവച്ചാൽ വഴിയേ പോകുന്ന ഏതു വാഹനത്തിലും കയറി രക്ഷപ്പെടാനാകും. തടവുകാർ രക്ഷപ്പെടില്ലെന്ന ‘വിശ്വാസം’ മാത്രമാണ് ഇവിടെയുള്ള സുരക്ഷാ സംവിധാനം. ഈ വിശ്വാസം തെറ്റിച്ചാണു കൊലക്കേസ് പ്രതിയുടെ രക്ഷപ്പെടൽ.