Mon. Dec 23rd, 2024
കോട്ടയം:

യാത്ര ചെയ്ത് ക്ഷീണിച്ചെങ്കിൽ വിശ്രമിക്കാനായി ജില്ലയിൽ 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുറന്നു. വൃത്തിയുള്ള ശുചിമുറികളും ആധുനിക സൗകര്യങ്ങളുമടങ്ങുന്നതാണ് ഈ കേന്ദ്രങ്ങൾ. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻ‍‍ഡേഡ്, പ്രീമിയം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

ഇന്നലെ 6 സ്റ്റാൻഡേഡ് കേന്ദ്രങ്ങളും 12 ബേസിക് വിശ്രമകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. പ്രീമിയം കേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങിയിട്ടില്ല.

കുടുംബശ്രീ യൂണിറ്റുകൾക്കാണ് മേൽനോട്ടച്ചുമതലയെന്നു ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ് ജോസഫ് പറഞ്ഞു. 127 കേന്ദ്രങ്ങളാണ് ജില്ലയിൽ വരികയെന്നും എ‌ല്ലാം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേസിക് വിശ്രമ കേന്ദ്രങ്ങളിൽ രണ്ടു ശുചിമുറികൾ വീതമാണുള്ളത്.

സ്റ്റാൻഡേഡ് വിശ്രമകേന്ദ്രത്തിൽ 4 ശുചിമുറികളും ഉണ്ടാകും. വസ്ത്രം മാറു‌വാനുള്ള സൗകര്യം, വിശ്രമ സ്ഥലം, ശിശു പരിപാലനത്തിനുള്ള സൗകര്യം എന്നിവ സ്റ്റാൻഡേഡ് വിശ്രമ കേന്ദ്രങ്ങളിലുണ്ട്.

പ്രീമിയം വിശ്രമ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്കായി ശുചിമുറിയുമുണ്ട്. ഇതുൾപ്പെടെ 5 ശുചിമുറികളുണ്ടാകും. കുടുംബശ്രീ യൂണിറ്റുകൾക്ക് കോഫി ഷോപ്പ് തുടങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

കോട്ടയം നാഗമ്പടം വിശ്രമകേന്ദ്രത്തിൽ ഇപ്പോൾത്തന്നെ കോഫി ഷോപ്പ് സൗകര്യമുണ്ടെങ്കിലും ഇതും സ്റ്റാൻഡേഡ് വിഭാഗത്തിലാണ് പെടുന്നതെന്ന് അധികൃതർ അറിയിച്ചു. വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ തദ്ദേശ സ്ഥാപനങ്ങളാണ് നിശ്ചയിക്കുക.