Wed. Nov 6th, 2024

പാലക്കാട്:

എംആർഐ സ്കാൻ ചെയ്യാൻ ഇനി ഭീമമായ ചെലവില്ല. ആധുനിക സംവിധാനങ്ങളോടെ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ യൂണിറ്റ് ബുധനാഴ്ച ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോർജ്  ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൈക്രോ ഡിബ്രേഡര്‍, ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പമുണ്ടാകും. ബ്ലാക്ക് ഫംഗസ് ബാധിച്ച ശരീരകോശങ്ങളെ നീക്കം ചെയ്യുന്ന  ഉപകരണമാണ് മൈക്രോ ഡിബ്രേഡര്‍. അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള ഉപകരണമാണ് ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍.

ആരോഗ്യവകുപ്പിന് കീഴിലെ മൂന്നാമത്തെ എംആർഐ സ്കാൻ യൂണിറ്റാണിത്. എറണാകുളം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് നിലവിൽ എംആർഐ സ്കാൻ ഉള്ളത്. സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച്  കുറഞ്ഞ നിരക്കാണ്‌ ജില്ലാ ആശുപത്രിയിൽ ഈടാക്കുക.

ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യം. ശരീരത്തിന്റെ ഓരോ ഭാഗവും പ്രത്യേകം സ്കാൻ  ചെയ്യാനുള്ള സൗകര്യമാണ്‌ യൂണിറ്റിന്റെ പ്രത്യേകത. സ്കാനിങ്ങുകളുടെ വ്യക്തത കൂടുകയും കുറഞ്ഞ സമയത്തിൽ  സ്കാൻ ചെയ്യാനുമാവും.

ദിവസം 10 മുതൽ 15 പേർക്കുവരെ സേവനം ലഭ്യമാകും. 7.30 കോടി ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. എച്ച്എംസി ഹാളിലാണ് യൂണിറ്റ് പ്രവർത്തിക്കുക. വ്യാഴം  മുതൽ പ്രവർത്തനം തുടങ്ങും.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, സ്ഥിരം സമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് കെ എ നാസർ, ഡോ. കെ ഗോപീകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ രാമന്‍കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.