Fri. Mar 29th, 2024
പത്തനംതിട്ട:

നഗരത്തിലെ അനധികൃത ബസ്‌സ്റ്റോപ്പുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. സ്റ്റേഡിയം ജംക്‌ഷനു സമീപം ഓമല്ലൂർ റോഡ്, അബാൻ ജംക്‌ഷനിലെ അഴൂരിനുള്ള റിങ് റോഡ്, സെൻട്രൽ ജംക്‌ഷനിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബസ്‌സ്റ്റോപ്പുകളാണ് വാഹന യാത്രക്കാരെ കുരുക്കിലാക്കുന്നത്.

ട്രാഫിക് സിഗ്നൽ പ്രവർത്തിക്കുന്ന നാലും കൂടിയ കവലയ്ക്കു സമീപം ബസ് നിർത്തുന്നതാണ് ഇവിടെയെല്ലാം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. സ്റ്റേഡിയം ജംക്‌ഷനു സമീപം ഓമല്ലൂർ റോഡിലേക്കു തിരിയുന്നിടത്തെ പെട്രോൾ പമ്പിനു മുൻവശത്താണ് പന്തളം, അടൂർ ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്.

ഇവിടെ ട്രാഫിക് സിഗ്നലിനോടു ചേർന്ന ഭാഗമായതിനാൽ നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും റോഡിൽ. അതിനിടെയാണ് ഇവിടെ ബസ് നിർത്തുന്നത്. അതോടെ മറുവശത്തു നിന്ന് സിഗ്നൽ കടന്ന് എത്തുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാകും.

അതോടെ ഈ ഭാഗത്തെ ട്രാഫിക് സംവിധാനം കുറെ നേരത്തേക്ക് കുത്തഴിഞ്ഞ അവസ്ഥയിലാകുന്നു. തിരുവല്ല, ചെങ്ങന്നൂർ, അടൂർ, ചന്ദനപ്പള്ളി, പൂങ്കാവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഉള്ള ബസുകളുടെ കാത്തിരിപ്പു കേന്ദ്രം അബാൻ ജംക്‌ഷനിലെ അഴൂരിനുള്ള റിങ് റോഡിൽ സ്വകാര്യ ആശുപത്രിക്കു സമീപമാണ്.

എന്നാൽ മിക്ക ബസുകളും സിഗ്നലിനു സമീപത്തായാണ് നിർത്തുന്നത്. അതിനാൽ മറുവശത്തു നിന്ന് സിഗ്നൽ പിന്നിട്ട് എത്തുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാറില്ല. ഇവിടെ ബസ് നിർത്തുന്നതിനാൽ കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് ബസ് കിട്ടാറില്ല.

അതിനാൽ യാത്രക്കാർ അനധികൃത സ്റ്റോപ്പിലാണ് ബസ് കാത്തു നിൽക്കുന്നത്. നിർബന്ധമായും കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ബസ് നിർത്താനുള്ള നടപടി സ്വീകരിച്ചാൽ ഇവിടെയുള്ള പ്രശ്നം പരിഹരിക്കാം.

സെൻട്രൽ ജംക്‌ഷനിലേക്കുള്ള റോഡിലെ അവസ്ഥയും വിഭിന്നമല്ല. സിഗ്നലിന് അടുത്തായുള്ള സ്വർണാഭരണ ശാലയ്ക്കു മുൻവശത്താണ് ഇവിടെ ബസുകൾ നിർത്തുന്നത്. സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളും മറുവശത്തു നിന്ന് സിഗ്നൽ കടന്ന് എത്തുന്ന വാഹനങ്ങളും ചേർന്ന് ഈ ഭാഗത്ത് മിക്ക സമയവും ഗതാഗതക്കുരുക്കായിരിക്കും. ആംബുലൻസുകൾ പോലും കടത്തിവിടാൻ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു.

പൈപ്പ് പൊട്ടി റോഡ് തകർന്നതിനെ തുടർന്ന് ഒരു മാസമായി ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. റോഡിന്റെ പുനർ നിർമാണം പൂർത്തിയായി വരുന്നതിനാൽ വീണ്ടും കുരുക്ക് രൂപപ്പെടും.

ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഗതാഗതക്കുുരുക്ക് കുറയ്ക്കാൻ ഈ ബസ്‌സ്റ്റോപ്പുകളുടെ കാര്യത്തിൽ മാറ്റം വേണമെന്നാണ് നഗരത്തിലേക്ക് സ്ഥിരമായി എത്തുന്നവരുടെ ആവശ്യം.