Mon. Dec 23rd, 2024
കൊല്ലം:

സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചതോടെ മൺറോത്തുരുത്ത് കൃഷ്ണ വിലാസത്തിൽ ഡോ ശ്രീഹരി രാമന്റെ ഫോണിലേക്കു നിരന്തരം വിളികൾ എത്തുന്നു. എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്. 2018ൽ നിപ്പ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയിലെ കിണറ്റിൽ നിന്നു വവ്വാലുകളെ പിടിച്ചു നൽകിയത് അന്ന് ഗവേഷക വിദ്യാർഥിയായിരുന്ന ശ്രീഹരിയായിരുന്നു. 20000 രൂപ ചെലവിൽ ശ്രീഹരി സ്വന്തമായി നിർമിച്ച കെണി ഉപയോഗിച്ചാണ് വവ്വാലിനെ പിടിച്ചത്.

എന്നാൽ ഇതിന് ആരോഗ്യ വകുപ്പിന്റെ അഭിനന്ദനക്കത്തു പോലും ലഭിച്ചിട്ടില്ലെന്നു ശ്രീഹരി പറയുന്നു. ചെറുപ്പത്തിലേ വവ്വാലുകളോട് പ്രത്യക ഇഷ്ടമായിരുന്നു. ഭൂമിക്ക് വവ്വാലുകൾ ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചായി പിന്നീടുള്ള പഠനം.

കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ ഗവേഷണം.

ഇതിനായി ആയിരത്തിയഞ്ഞൂറോളം വവ്വാലുകളെ പിടിച്ച് പഠനം നടത്തി. വവ്വാലുകൾ ആവാസവ്യവസ്ഥയുടെ നിലനിൽപിന് അത്യാവശ്യമാണെന്ന് ശ്രീഹരി ഓർമിപ്പിക്കുന്നു. പ്രാണികളെ തിന്നുന്നതും പഴങ്ങൾ തിന്നുന്നതുമായി 2 തരം വവ്വാലുകളുണ്ട്.

കൊതുകുകളെ അടക്കം നിയന്ത്രിക്കുന്നതിൽ ഇവയ്ക്ക് നല്ല പങ്കുണ്ട്. പഴങ്ങൾ തിന്ന് കാഷ്ഠിക്കുന്നതു മൂലം വിത്തുകൾ കാട്ടിൽ പലയിടത്തും വിന്യസിക്കപ്പെടും. കേരളത്തിൽ 50 തരം വവ്വാലുകളുണ്ട്.

ഇതിൽ ആറെണ്ണം പഴങ്ങൾ കഴിക്കുന്നവയും ബാക്കിയുള്ളവ പ്രാണികളെ തിന്നുന്നവയുമാണ്. വവ്വാലുകളുടെ ശരീരത്തിൽ നിപ്പ, കൊറോണ, എബോള, റാബിസ് തുടങ്ങിയ നാൽപതിലധികം വൈറസുകൾ ഉണ്ട്. വവ്വാലുകളുടെ ശരീരം ചൂടുള്ളതാണ്. ഇക്കാരണത്താൽ വൈറസുകൾ ഇവയെ ബാധിക്കില്ല.

കാർഷിക സർവകലാശാലയിൽ നിന്ന് എംഎസ്‌സി ഫോറസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ഓഫ് വൈൽഡ് ലൈഫ് സയൻസ്, ഫോറസ്ട്രി കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്.