കോഴിക്കോട്:
മിഠായിതെരുവിനെ കുറിച്ചുള്ള എല്ലാ മതിപ്പും തകരാൻ ഇവിടത്തെ ശുചിമുറിയിൽ കയറിയാൽ മതി. ടൂറിസ-പൈതൃക പദ്ധതിയിലുൾപ്പെടുത്തി ഇവിടെ നവീകരിച്ചപ്പോൾ അതിന് നേതൃത്വം നൽകിയവർ ശുചിമുറിയിലൊന്ന് കയറി പരിശോധിക്കേണ്ടിയിരുന്നു, എത്ര മേൽ പരിതാപകരമാണ് ഇതിനുള്ളിലെ സ്ഥിതിയെന്ന്.
ടൈൽസ് കണ്ടുപിടിച്ച കാലത്തുള്ളതാണ്. തേഞ്ഞു തീരാൻ ഇനി ഒന്നുമില്ല. സാനിറ്ററി വെയറുകളും തഥൈവ. ടാങ്ക് ഇടക്കിടെ ചോരും. പുരുഷന്മാർക്ക് നാലും സ്ത്രീകൾക്ക് രണ്ടും ശൗചാലയങ്ങളാണുള്ളത്. ഭിന്ന ശേഷിക്കാർക്ക് ഒരു പരിഗണനയുമില്ല.
ആയിരങ്ങൾ വന്നുപോകുന്ന കോഴിക്കോട്ടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രത്തിലെ അവസ്ഥയാണിത്. സന്ദർശകരിൽ വിദേശ-ആഭ്യന്തര സഞ്ചാരികളുമുണ്ട്. സ്ത്രീകളാണ് സന്ദർശകരിലേറെയും. എസ്എം സ്ട്രീറ്റിൻറെ വാതിൽപ്പടിയിൽ താജ് റോഡിലാണ് ഒരു നവീകരണവും നടക്കാത്ത ശുചിമുറി.
ഭാവിയിൽ വലിയ ശുചിമുറി സമുച്ചയം വരുമെന്നാണ് അധികൃതരുടെ വാദം. ‘ഭാവി’ക്ക് എത്ര നീളമുണ്ടെന്നതാണ് പ്രശ്നം. മറ്റെല്ലാ പണികളും കഴിഞ്ഞ് നിർമിക്കേണ്ടതല്ലല്ലോ ഇത്.
പ്രാഥമിക കൃത്യനിർവഹണത്തിനുള്ള പദ്ധതിക്ക് പ്രഥമപരിഗണന നൽകേണ്ടതല്ലേ?. ശുചിമുറിയുടെ പരിസരം പഴയ ഞെളിയൻപറമ്പിനു സമമാണ്. മാലിന്യനിക്ഷേപ കേന്ദ്രം. ഇക്കോലത്തിൽ സ്ഥലം കാണുമ്പോൾ എല്ലാവരും ഇവിടെ മാലിന്യം നിക്ഷേപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പരിസരത്തെ കച്ചവടക്കാരനായ കബീർ പറഞ്ഞു.
ഇവിടെനിന്ന് മാലിന്യനീക്കം നിലച്ചിട്ട് മാസങ്ങളായി. മഴ കൂടി പെയ്തതോടെ ഇങ്ങോട്ടടുക്കാൻ സാധിക്കാത്ത അവസ്ഥ.മാനാഞ്ചിറയിൽ മിഠായിതെരുവിന് സമീപമുള്ള ബസ്സ്റ്റോപ്പിൽ മഴപെയ്യുമ്പോഴേക്കും വെള്ളക്കെട്ടാണ്.
ബസിൽനിന്ന് ഇറങ്ങുന്നത് ചളിവെള്ളക്കെട്ടിലേക്ക്. കോബിൾ സ്റ്റോൺ വിരിച്ച റോഡിലും വെള്ളം കെട്ടിക്കിടക്കുന്നു. നിർമാണം കഴിഞ്ഞ് പരിപാലനത്തിന് പരിഗണന കൊടുക്കാത്തതിന് മികച്ച ഉദാഹരണം ഈ തെരുവുതന്നെ.
സ്ത്രീകൾക്ക് മുലയൂട്ടാൻ സൗകര്യമില്ല. കൊച്ചു കുഞ്ഞുങ്ങളെയുമായി വരുന്നവരുടെ പ്രശ്നങ്ങൾ സങ്കടകരമാണിവിടെ. വിശന്നു കരയുന്ന കുഞ്ഞുങ്ങളെയുമായി അമ്മമാർ നട്ടംതിരിയുന്ന കാഴ്്ച പതിവാണ്.
കംഫർട്ട് സ്റ്റേഷൻ ഏറ്റവും അനിവാര്യമായ സ്ഥലമാണിത്. നഗരത്തിൽ ഇത്രയധികം സ്ത്രീകൾ എത്തുന്നയിടം വേറെയില്ല. പിടിച്ചു നിർത്താനാവാതെ കടയിൽ വിസർജിച്ചു പോയ കഥകൾ ഇവിടത്തെ കച്ചവടക്കാർക്ക് പറയാനുണ്ട്.
എത്രമേൽ ദാരുണമാണ് അവസ്ഥ! ഉപയോഗ്യയോഗ്യമായ ശുചിമുറി പ്രധാനകേന്ദ്രത്തിൽ ഇല്ലാത്തതിൻറെ ‘പ്രതിസന്ധി’.രോഗികൾ, പ്രായമുള്ളവർ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ടവരും ഈ പൈതൃകത്തെരുവിലുണ്ടാവും. ഒരു വിധമാണെങ്കിൽ ആരും ഇവിടത്തെ ശുചിമുറിയിൽ കയറില്ല. അൽപമെങ്കിലും വൃത്തിയുള്ള ശുചിമുറിയിൽ കയറാൻ അകലെ മൊയ്തീൻ പള്ളി റോഡിലെത്തണം.