Sat. Apr 27th, 2024

തൃശൂർ:

വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ്​ രോഗികൾ, ഭിന്നശേഷിക്കാർ, മനോവൈകല്യമുള്ളവർ, ബയോമെട്രിക്​ രേഖകൾ തെളിയാത്തവർ, ഓട്ടിസം ബാധിച്ചവർ, ഉൾവനങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക്​ ആനുകൂല്യം ലഭ്യമാവും.

ആധാർ എടുക്കാൻ സാധിക്കാത്തവർ അംഗങ്ങളായ റേഷൻ കാർഡിലെ ഇതര സേവനങ്ങൾക്ക്​ തടസ്സമുണ്ടാകുന്ന സാഹചര്യം ഇതോടെ ഇല്ലാതാവും. നിലവിൽ പേര്​ തിരുത്തലും വെട്ടലുമല്ലാതെ മറ്റു സേവനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യമാണ്​. ഇത്​ മറികടക്കുകയാണ്​​ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്​​.

സർക്കാർ അനുമതി പ്രകാരം നാഷനൽ ഇൻഫർമാറ്റിക്​സ്​ സെൻറർ (എൻഐസി) ഇത്തരക്കാരുടെ ആധാർ ലിങ്ക്​ ചെയ്യുന്ന പ്രക്രിയക്കായി വെബ്​​സൈറ്റിൽ പ്രത്യേക മൊഡ്യൂൾ തയാറാക്കി. എന്നാൽ, ഈ നടപടിക്രമങ്ങൾ താലൂക്ക്​ സപ്ലൈ ഓഫിസർമാർക്ക്​ മാത്രമേ ചെയ്യാനവൂ. ആധാർ എടുക്കാനാവാത്തവരുടെ പ്രശ്​നങ്ങൾ നേരിട്ട്​ പോയി പരിശോധിച്ച്​ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ്​ ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന്​ ഒഴിവാക്കുക.

ഇത്​ കർശന പരിശോധനക്ക്​ വിധേയമായി മാത്രമേ അനുവദിക്കാവൂ എന്ന്​ നിർദേശമുണ്ട്​. ഇക്കാര്യം പരിശോധിച്ച്​ റേഷനിങ്​ ഇൻസ്​പെക്​ടർമാർ, താലൂക്ക്​ സപ്ലൈ ഓഫിസർമാർ എന്നിവർ ചേർന്ന്​ നിശ്ചിത മാതൃകയിൽ തയാറാക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിട്ട്​ മൊഡ്യൂളിൽ അപ്​ലോഡ്​ ചെയ്യണം. നിലവിൽ കേരളത്തിലെ റേഷൻ കാർഡ്​ അംഗങ്ങളിൽ 97 ശതമാനം പേരും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

ബാക്കി മൂന്നു ശതമാനം ആധാർ എടുക്കാൻ കഴിയാത്തവരാണെന്ന കണ്ടെത്തലാണ്​ വകുപ്പിനുള്ളത്​. ഇവരുടെ ആധാർ ബന്ധിപ്പിക്കൽ ഒഴിവാക്കുന്നതോടെ വ്യാജ കാർഡുകൾ കണ്ടെത്താനുമാവും. കേരള പിറവി ദിനത്തിൽ സ്​മാർട്ട്​ റേഷൻ കാർഡ്​ വരുന്നതി​ന്റെ ഭാഗമായാണ്​ നടപടി​. ഇതോടെ റേഷൻ കാർഡ്​ അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കൽ 100 ശതമാനവുമാവും.