Mon. Dec 23rd, 2024

പാലക്കാട്‌:

ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രചാരം കൂടുമ്പോൾ ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ ജില്ല. 142 കിലോവാട്ട്‌ ശേഷിയുള്ള  ആദ്യ അതിവേഗ വൈദ്യുത വാഹന ചാർജിങ് കേന്ദ്രം കാഞ്ഞിരപ്പുഴ അണക്കെട്ടിന്‌ സമീപം തുറന്നു.

ഇലക്‌ട്രിക്‌ വാഹന ബുക്കിങ്ങിൽ രാജ്യത്ത്‌  സംസ്ഥാനം രണ്ടാമതെത്തിയപ്പോൾ ചാർജിങ്ങിന്‌ കൂടുതൽ സൗകര്യമൊരുക്കാൻ എൽഡിഎഫ്‌ സർക്കാർ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ചാർജിങ്‌ സ്‌റ്റേഷൻ പ്രഖ്യാപിച്ചത്‌. കാഞ്ഞിരപ്പുഴയിലെ കേന്ദ്രത്തിൽ ഒരേസമയം മൂന്ന്‌ വാഹനം ചാർജ്‌ ചെയ്യാം.

ഒരു വാഹനം പൂർണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ. പത്തു വർഷത്തേക്കാണ്‌ കരാർ. ചാർജ് ചെയ്യുന്ന വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 70 പൈസ നിരക്കിൽ ജലസേചന വകുപ്പിന്‌ ലഭിക്കും. ഭാവിയിൽ ഇറങ്ങുന്ന വാഹന മോഡലുകൾക്കും ഉപകാരമാകും വിധമാണ്‌ ചാർജിങ് കേന്ദ്രം.

ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ 13 രൂപയും ജിഎസ്‌ടിയുമടക്കം 15 രൂപയാണ്‌ ഈടാക്കുക. 20 ലക്ഷം രൂപ ചെലവിൽ അനെർട്ടാണ്‌ കേന്ദ്രം സജ്ജമാക്കിയത്‌. എനർജി എഫിഷ്യൻസി സർവീസസ്‌ ലിമിറ്റഡാണ്‌ നിർമാതാക്കൾ. വാഹനം ചാർജ്‌ ചെയ്‌താൽ  പണം ഓൺലൈനായി അടയ്‌ക്കാം.

ഒരു വണ്ടിക്ക്‌ 20 മുതൽ 40 യൂണിറ്റ്‌ വരെ വൈദ്യുതി ചാർജ്‌ ചെയ്യാം.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ആദ്യ ചാർജിങ് സ്‌റ്റേഷനാണിത്‌. കൊല്ലം ചവറയിലും ഇടുക്കി ഡിടിപിസിയിലും സ്‌റ്റേഷൻ തയ്യാറായി.

ഉദ്‌ഘാടനം  ഉടൻ  ഉണ്ടാകുമെന്ന്‌ അനെർട്ട്‌ ഇ മൊബിലിറ്റി സെൽ തലവനും ടെക്‌നിക്കൽ മാനേജരുമായ ജെ മനോഹരൻ പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത്‌ അഞ്ച്‌  ചാർജിങ് സ്‌റ്റേഷൻ സജ്ജമാക്കി. ഇവ വിജയകരമാണ്‌.