Mon. Dec 23rd, 2024
കൊല്ലം:

മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന് ജില്ലയിൽ അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടിയെന്ന് വിവരം. വകുപ്പു തല അന്വേഷണത്തിലാണ് അഞ്ച് വ്യാപാരികളെ കണ്ടെത്തിയത്. ഇതിൽ മൂന്നു പേർ പുനലൂർ താലൂക്കിലും രണ്ടു പേർ കുന്നത്തൂർ താലൂക്കിലും ഉള്ളവരാണെന്നാണ് സൂചന.

ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. നടപടിയുടെ ആദ്യഘട്ടമായി പിടിച്ചെടുത്ത കാർ‍ഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പൊതുവിഭാഗത്തിലേക്കു മാറ്റി. വ്യാപാരികളിൽ പലരും മുൻഗണനാ കാർഡ് ഉപയോഗിച്ച് സൗജന്യ റേഷൻ തട്ടിയെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. സംസ്ഥാനത്താകെ നൂറുകണക്കിന് റേഷൻവ്യാപാരികൾ ഇത്തരത്തിൽ കാർഡ് കൈവശം വച്ചിട്ടുള്ളതായി സൂചനയുണ്ട്.

പൊതുജനങ്ങളിൽ മുൻഗണനാ കാർഡ് കൈവശം വച്ചിരുക്കുന്ന അനർഹർക്ക് നടപടികൾ ഇല്ലാതെ തന്നെ ഇതുതിരുത്താനുള്ള അവസരം നേരത്തേ സർക്കാർ നൽകിയിരുന്നു. ഇതുപ്രകാരംജില്ലയിൽ 9041 കാർഡ് ഉടമകളാണ് സ്വയം അപേക്ഷ നൽകി പൊതുവിഭാഗത്തിലേക്കു മാറിയത്.

എന്നാൽ ഇനിയും അനധികൃത കാർഡുകൾ കൈവശം വയ്ക്കുന്നവർക്ക് എതിരെ കടുത്ത നടപടികൾക്കാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. മുൻഗണനാ വിഭാഗത്തിൽ നിന്ന് റേഷൻ കിറ്റ് വാങ്ങാത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ജില്ലയിൽ നീല, പിങ്ക് കാർഡ് ഉടമകളിൽ 98 ശതമാനത്തിലധികം പേരും കഴിഞ്ഞ തവണത്തെ ഓണക്കിറ്റ് വാങ്ങിയിരുന്നു.