Mon. Dec 23rd, 2024

പാലിയേക്കര ∙

വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ടോൾപ്ലാസയിലൂടെ കടന്നുപോയെന്ന് പറഞ്ഞ് ലോറിക്ക് ടോൾ പിരിച്ചതായി ആക്ഷേപം. പട്ടിക്കാട് സ്വദേശി സിബി എം ബേബി പുതുക്കാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 25നു പുലർച്ചെ 3.31നു ലോറി കടന്നുപോയെന്നു പറഞ്ഞാണ് ഫാസ്ടാഗിൽ നിന്നു തുക പിടിച്ചത്.

പിന്നീട്, ഈ വാഹനം രാവിലെ 7.31നു കടന്നുപോയപ്പോഴും തുക ഈടാക്കി. ഇതറിയാതെ രാത്രി ലോഡുമായി തിരിച്ചെത്തിയപ്പോൾ മിനിമം ബാലൻസില്ല എന്നു പറഞ്ഞു വാഹനം തടഞ്ഞിടുകയും ഡ്രൈവറുടെ ലൈസൻസ് പിടിച്ചുവയ്ക്കുകയും ചെയ്‌തെന്നു സിബി പരാതിപ്പെടുന്നു. അനധികൃതമായി തുക ഈടാക്കിയതിനാലാണു രാത്രി തിരിച്ചെത്തിയപ്പോൾ മിനിമം ബാലൻസ് ഇല്ലാതാകാൻ കാരണം.

തർക്കമുണ്ടായതോടെ പൊലീസും ടോൾപ്ലാസ അധികൃതരും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനം കടന്നുപോയെന്നു തെളിയിക്കാനായില്ല. രാവിലെ 6നു ശേഷമാണ് വർക്​ഷോപ്പിലേക്ക് ഡ്രൈവർ എത്തിയത്. ഒടുവിൽ, പുലർച്ചെ 3.31നു ലോറി കടന്നുപോയിട്ടില്ലെന്ന് പ്ലാസ അധികൃതരും പൊലീസും സ്ഥിരീകരിച്ചു.

പണം മടക്കി നൽകാമെന്നു പറഞ്ഞെങ്കിലും ട്രിപ്പ് മുടങ്ങിയതോടെ വന്ന നഷ്ടം നികത്തണമെന്നാണ് സിബിയുടെ ആവശ്യം. ടോൾപിരിവുമായി ബന്ധപ്പെട്ട്  പ്രശ്നമുണ്ടാകുമ്പോൾ ഇവർ ഡ്രൈവർമാരുടെ ലൈസൻസ് തടഞ്ഞുവയ്ക്കുന്നതായും ആരോപണമുണ്ട്.