Wed. Dec 18th, 2024

കുന്നംകുളം ∙‌

ആശ്വാസം പകരുന്ന തീരുമാനങ്ങൾക്കു പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കമുക് കൃഷി മേഖല. ഒരു കാലത്ത് കേരളത്തിലെ പ്രധാന അടയ്ക്കാ ഉൽപാദന കേന്ദ്രങ്ങളിൽ‍ ഒന്നായിരുന്ന മേഖലയിലെ കമുക് കർഷകർ ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേടിരുന്നത്.

വർധിച്ച ഉൽപാദന ചെലവും വിപണിയിലെ വില തകർച്ചയും കാരണം കമുക് കൃഷി ഉപേക്ഷിച്ചത് ഒട്ടേറെ പേരാണ്. പലരും തോട്ടങ്ങൾ ഇപ്പോൾ പഴയതു പോലെ പരിപാലിക്കുന്നില്ല. ഇപ്പോൾ ഒരു തുലാന് (20 കിലോ) മാർക്കറ്റിൽ 8,950 രൂപ വരെ വിലയുണ്ട്. അടയ്ക്കയുടെ വില കൂടുന്നത് പതിവില്ല.

എന്നാൽ ഇത് ഉൽപാദന ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കർഷകർക്ക് നഷ്ടം തന്നെ.  ഉയർന്ന കൂലി നൽകാൻ തയാറായിട്ടും തൊഴിലാളി ക്ഷാമം രൂക്ഷമാണ്. തോട്ടങ്ങളിൽ വ്യാപകമായ മഞ്ഞളിപ്പും മഹാളിയും കാരണം വിള ലഭ്യതയും കുറഞ്ഞു.

കനത്ത മഴയെ തുടർന്ന് മഹാളി പ്രതിരോധ മരുന്ന് യഥാസമയം ഉപയോഗിക്കാൻ കഴിയാതെ വരുന്നതും തിരിച്ചടിയാണ്. വിള നാശം നേരിടാനുള്ള പ്രതിരോധ മരുന്നു കൃഷിഭവനിൽ നിന്നു ലഭിക്കന്നത് വല്ലപ്പോഴും മാത്രമാണെന്ന് കർഷകർ പറയുന്നു. പ്രധാന അടയ്ക്കാ മാർക്കറ്റായ പഴഞ്ഞി, കുന്നംകുളം, ചാലിശേരി എന്നിവിടങ്ങളിൽ അടയ്ക്കായുടെ വരവ് നന്നേ കുറഞ്ഞിട്ടുണ്ട്.