Sun. Jan 19th, 2025
കോട്ടയം:

ചിങ്ങവനം–കോട്ടയം ഇരട്ടപ്പാത വരുന്നതിന്‌ മുന്നോടിയായി റബർബോർഡിന്‌ സമീപമുള്ള റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ. ഒക്‌ടോബർ ആദ്യം പാലം ഗതാഗതത്തിന്‌ തുറക്കുമെന്നാണ്‌ പ്രതീക്ഷ.

അപ്രോച്ച്‌ റോഡാണ്‌ പൂർത്തിയാകേണ്ടത്‌. ഇതോടെ കോട്ടയം–കഞ്ഞിക്കുഴി റോഡിലെ വാഹനപ്പെരുപ്പവും യാത്രാക്ലേശവും പരിഹരിക്കപ്പെടും. പ്ലാന്റേഷൻ കോർപറേഷന്‌ സമീപത്തെ മേൽപ്പാലം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഈ പാലത്തിന്റെ നിർമാണം ഇഴയുന്നത്‌ വലിയ പ്രതിഷേധം സൃഷ്ടിച്ചു.

സാങ്കേതിക തടസങ്ങൾ പറഞ്ഞാണ്‌ നിർമാണം വൈകിയത്‌. ഇതിലെ കടന്നുപോകുന്ന കുടിവെള്ളവിതരണ പൈപ്പ്‌ നീക്കംചെയ്യാൻ തന്നെ മാസങ്ങൾ എടുത്തു. നിർമാണത്തിനായി വഴി അടച്ചതിനാൽ രൂക്ഷമായ യാത്രാദുരിതം പ്രദേശവാസികളടക്കം അനുഭവിച്ചു.

കീഴുക്കുന്ന്‌, വിമലഗിരി, കിഴക്കേ നട്ടാശേരി എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴി ചുറ്റിയായിരുന്നു യാത്ര. അമിത ഓട്ടോ കൂലി നൽകേണ്ട സ്ഥിതിയും. കീഴുക്കുന്നിലെ പൊലീസ്‌ ക്യാമ്പിലേക്ക്‌ പോകേണ്ട വാഹനങ്ങളും ദുരിതത്തിലായി.

ലോഗോസ്‌ ജങ്‌ഷനിൽ നിന്ന്‌ കഞ്ഞിക്കുഴിയിലേക്ക്‌ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാമെന്നതാണ്‌ മേൽപ്പാലം വരുമ്പോഴുള്ള പ്രധാന നേട്ടം. ഏഴ്‌ മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയോടെയാണ്‌ പാലം പൂർത്തിയാകുന്നത്‌. റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ കഞ്ഞിക്കുഴി ഭാഗത്തേക്ക്‌ പോകേണ്ടവർക്കും പാലം ഉപകാരപ്പെടും.