Thu. Apr 25th, 2024

ആലപ്പുഴ:

എസി റോഡ്​ നവീകരണത്തിന്‌ പൊളിച്ച പൊങ്ങപാലത്തിന്​ സമീപത്ത്​ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഞായറാഴ്‌ച രാവിലെ ഗതാഗതവും പുനഃസ്ഥാപിച്ചു.  എറണാകുളത്തേക്ക്​ സിമന്റുമായിപോയ ലോറി കയറിയാണ്​ പാലം തകർന്നത്​.

തദ്ദേശീയരുടെ  ചെറുവാഹനങ്ങൾക്കായി നിർമിച്ച റോഡിലെ പാലം നിയ​ന്ത്രണം ലംഘിച്ചെത്തിയ ലോറി തകർത്തതോടെ ശനിയാഴ്​ച പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്നു.  ഊരാളുങ്കൽ തൊഴിലാളികൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ശനിയാഴ്​ച രാത്രി 10.30ന്‌​ പാലം പൂർവസ്ഥിതിയിലാക്കി. പാലത്തിന്റെ ഇരുമ്പുകമ്പികളും മുകളിൽവിരിച്ച പ്ലൈവുഡും ലോറിയുടെ മുൻചക്രം കയറി തകർന്നു.

നെടുമുടി പൊലീസിൽ പരാതി നൽകി. നഷ്‌ടപരിഹാരം നൽകാമെന്ന ഉറപ്പിൽ കേസ്​ അവസാനിപ്പിച്ചു. പരിശോധനാ കേന്ദ്രങ്ങൾ മറികടന്ന്​ ലോറി അപകടം ഉണ്ടാക്കിയതിനാൽ കൂടുതൽ പേരെ വിന്യസിച്ചാണ്​  ഗതാഗതം നിയന്ത്രിക്കുന്നത്​.

പൊങ്ങ, കളർകോട്​ പാലങ്ങൾ പൊളിച്ചതോടെ നിർമിച്ച താൽക്കാലിക പാതയിലൂടെ തദ്ദേശീയരുടെ ഓ​ട്ടോ, ഇരുചക്രവാഹനങ്ങൾ, ചെറിയ ആംബുലൻസ്​ എന്നിവ മാത്രമാണ്​ കടത്തിവിടുന്നത്​. ചങ്ങനാശേരി ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ പൂപ്പള്ളിയിൽനിന്നാണ്​ തിരിച്ചുവിടുന്നത്​. പൊലീസും തൊഴിലാളികളും ചേർന്നാണ്‌ ​ഗതാഗതം നിയന്ത്രിക്കുന്നത്.

കളർകോടു​വഴി എ സി റോഡിലേക്ക്​ പോകുന്ന ചെറിയവാഹനങ്ങളുടെ നിയന്ത്രണത്തിനും പൊലീസുണ്ട്​. പൊളിച്ച പക്കി പാലത്തിന്​ സമീപത്തുനിന്ന്​ താൽക്കാലിക പാതയിലേക്ക്​ വാഹനങ്ങൾ കടത്തിവിടാൻ 24മണിക്കൂറും തൊഴിലാളികളുണ്ട്​. പക്കി പാലത്തിന്റെ രണ്ട്​ പൈലിങ്​ പൂർത്തിയായി.

രാമങ്കരി പാലത്തിന്റെ രണ്ടാമത്തെ പൈലിങ് പുരോഗമിക്കുന്നു. മാമ്പുഴക്കരി, കിടങ്ങറ, മനയ്‌ക്കച്ചിറ, രാമങ്കരി ഭാഗങ്ങളിൽ കാനനിർമാണവും വെള്ളം ഒഴുകിപ്പോകാനുള്ള കുഴൽ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. ജ്യോതി ജങ്‌ഷന്‌ സമീപം കാന നിർമാണം ഞായറാഴ്‌ച ആരംഭിച്ചു. കളർകോട്‌ ഭാഗത്ത്‌ കാനനിർമാണം തുടരുന്നു.