Mon. Dec 23rd, 2024

ആലത്തൂർ ∙

പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി പരാതി. സിഡിഎസ് അധ്യക്ഷയും അയൽക്കൂട്ടം സെക്രട്ടറിയുമായ തരൂർ ഒന്നാം വില്ലേജിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണു പരാതി.

ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നു വായ്പാ വിതരണച്ചുമതലയിൽ നിന്നു ബാങ്ക് ഭരണസമിതി ഇവരെ നീക്കിയതായി പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെജി രാജേഷ് അറിയിച്ചു. പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും സഹകരണ വകുപ്പിലും പരാതി നൽകാനും ഭരണസമിതി തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

തരൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിനു കീഴിലുള്ള 6 പേർക്കു വായ്പ നൽകിയെന്നു രേഖകളിൽ കാണിച്ച് 75,000 രൂപ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഏജന്റായിരുന്ന ഇവർക്കായിരുന്നു വായ്പാ വിതരണ ചുമതല.

വായ്പയായി നൽകാൻ ബാങ്ക് ഏൽപിച്ച തുക വ്യക്തികൾക്കു നൽകാതെയായിരുന്നു തിരിമറി. പണം നൽകിയതായി രേഖകളിലുള്ളവർ ബാങ്ക് അധികൃതർക്കു പരാതി നൽകിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണു തട്ടിപ്പു കണ്ടെത്തിയത്. കുടുംബശ്രീയുടെ 26 യൂണിറ്റുകൾക്കാണു ബാങ്ക് വായ്പ അനുവദിച്ചത്.

ഒരു യൂണിറ്റിന് 20 ലക്ഷം രൂപ പ്രകാരം 26 യൂണിറ്റുകൾക്കായി 5,20,00,000 രൂപ നൽകിയിട്ടുണ്ട്. റിവോൾവിങ് ഫണ്ടായി 17 കോടിയോളം രൂപ നീക്കിവച്ചിട്ടുണ്ട്. യൂണിറ്റ് പരിധിയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ളതാണു തുക.

തുക സമാഹരിച്ചു തിരിച്ചടയ്ക്കുന്നതും യൂണിറ്റുകൾ വഴിയാണ്. അർഹതയുള്ള ആർക്കും വായ്പ നൽകാനുള്ള അധികാരവും യൂണിറ്റുകൾക്കാണ്. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ സ്ഥാനത്തു നിന്നും ഇവരെ നീക്കിയേക്കും.