Wed. Nov 6th, 2024

കൊച്ചി:

വായനക്കമ്പക്കാരനാണ് പ്രദീപ്. ഓട്ടോയോടിക്കുന്നതിനിടയിലും വായനക്ക് സമയം കണ്ടെത്തും. അങ്ങനെ ആല്‍ക്കെമിസ്റ്റ് വായിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയോടും നോവലിനോടും ആരാധനയായി.

പുതുതായി വാങ്ങിയ ഓട്ടോക്ക് എന്ത് പേരിടുമെന്ന് അധികം ആലോചിക്കേണ്ടി വന്നില്ല, ആല്‍ക്കെമിസ്റ്റ്!. തന്റെ നോവലിന്റെ പേര് കേരളത്തിലെ ഒരു ഓട്ടോയുടെ പേരായി കണ്ടപ്പോള്‍ പൗലോ കൊയ്‌ലോക്കും ആഹ്ലാദം. അദ്ദേഹം ഓട്ടോയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയയില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിന് ഫോട്ടോ ലഭിച്ചതും.

പൗലോ കൊയ്‌ലോയോടുള്ള ആരാധന മൂത്ത് 15 വര്‍ഷം മുമ്പാണ് പ്രദീപ് ഓട്ടോക്ക് പേരിടുന്നത്. ഇതിനിടയില്‍ മൂന്ന് തവണ ഓട്ടോ മാറ്റിയെങ്കിലും പേര് മാറ്റിയില്ല. തന്റെ ഓട്ടോയുടെ ചിത്രം വിശ്വസാഹിത്യകാരന്‍ പൗലോ കൊയ്‌ലോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തെന്ന അത്ഭുതം പ്രദീപിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

സുഹൃത്തുക്കളാണ് ഫോട്ടോ കാണിച്ചുകൊടുത്തത്. വായനയാണ് പ്രദീപിന്റെ ഇഷ്ടം. എന്ത് കൈയില്‍ കിട്ടിയാലും വായിക്കും. എറണാകുളം ശിവക്ഷേത്രത്തിന് സമീപമാണ് ഓട്ടോ ഓടുന്നത്.

കൈയില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും. ഓട്ടോ ഓടുന്ന ഇടവേളയില്‍ വായിക്കാന്‍. ഓട്ടോ സര്‍വീസായതിനാല്‍ വായിക്കാന്‍ സമയം നന്നേ കുറവാണ്.

അതുകൊണ്ടുതന്നെ പുലര്‍ച്ചെ എണീറ്റ് വായിക്കും. പിന്നെ ഇടവേളകളിലും. മാര്‍ക്കേസ്, ടോള്‍സ്‌റ്റോയി തുടങ്ങിയ ക്ലാസിക് എഴുത്തുകാരോടാണ് ഏറെ താല്‍പര്യം. മലയാളത്തില്‍ വികെഎന്നിനോടും.

വീട്ടില്‍ സ്വന്തമായി 150ഓളം പുസ്തകങ്ങളുമുണ്ട്. ആല്‍ക്കെമിസ്റ്റിനോടും പൗലോ കൊയ്‌ലോവിനോടും വല്ലാത്ത ആരാധനയാണ് പ്രദീപിന്. അതുകൊണ്ടാണ് തന്റെ ജീവിത മാര്‍ഗമായ ഓട്ടോക്ക് ആല്‍ക്കെമിസ്‌റ്റെന്ന പേരിട്ടത്.

ഇനി ജീവിതത്തില്‍ പൗലോ കൊയ്‌ലോവിനെ നേരിട്ടുകാണണമെന്നാണ് 55കാരനായ പ്രദീപിന്റെ ആഗ്രഹം. അതും നടക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഭാര്യ സിന്ധുവും മകന്‍ പ്രണവും പ്രദീപിന്റെ ആഗ്രഹ സഫലീകരണത്തിനായി കാത്തിരിക്കുന്നു.