തൃക്കരിപ്പൂർ:

ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫയ്ക്ക് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷം രൂപ. പണം തട്ടിയെടുത്ത സംഘത്തെ കണ്ടെത്താൻ പൊലിസ് തിരച്ചിൽ ഊർജിതമാക്കി. ദിർഹം മാറാനുണ്ടന്നു പറഞ്ഞാണ് സംഘം ഹനീഫയെ കാണുന്നത്.

മാറ്റിത്തരാൻ പറ്റുന്ന പരിചയക്കാരുണ്ടോ എന്നായിരുന്നു ചോദ്യം. ഒരു സുഹൃത്തുണ്ടെന്നും മാറ്റിത്തരാമെന്നും ഹനീഫ പറഞ്ഞു. തുടർന്ന് 100 ദിർഹം നൽകുകയും ചെയ്തു.

ഈ ഇടപാടിൽ ലാഭം കിട്ടിയതായി പറയുന്നു. പിന്നീട് കൈവശം 8 ലക്ഷം രൂപയുടെ ദിർഹം ഉണ്ടെന്നും 5 ലക്ഷം സംഘടിപ്പിച്ചു തന്നാൽ തരാമെന്നും പറഞ്ഞു വീണ്ടും സമീപിച്ചു. തുടർന്ന് ഭാര്യയുടെ സ്വർണം വിറ്റും മറ്റുമായി 5 ലക്ഷം രൂപയുണ്ടാക്കി.

തൃക്കരിപ്പൂരിൽ വച്ചാണ് കൈമാറാൻ തീരുമാനിച്ചത്. ഭാര്യ സൗദയോടൊപ്പം റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയ ഹനീഫ രൂപ കൈമാറി. തുണിയിൽ പൊതിഞ്ഞാണ് രണ്ടംഗ സംഘം ’ദിർഹം’ കൈമാറിയത്. പൊതി തുറന്നു നോക്കുന്നതിനും മുൻപേ 2 പേരും ഓടിമറഞ്ഞു.

പൊതിക്കെട്ടിലെ അടുക്കി വച്ച കടലാസുകൾ കണ്ട് ഹനീഫ ഞെട്ടി. ശനിയാഴ്ച വൈകിട്ടാണ് ഹനീഫയും ഭാര്യ സൗദയും തൃക്കരിപ്പൂരിൽ തട്ടിപ്പിനിരയായത്. ഹനീഫ ബുധനാഴ്ച ചെറുവത്തൂർ ടൗണിൽ പരിചയപ്പെട്ട രണ്ടംഗ സംഘമാണ് പണം തട്ടിയെടുത്തത്.

ഇവരുടെ പേരും ഊരുമൊന്നും ഹനീഫയ്ക്ക് നിശ്ചയമില്ല. അതേ സമയം സംഘം വിളിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ചന്തേര സിഐ പി നാരായണൻ, എസ്ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

കൊവിഡ് വ്യാപനകാലം പുത്തൻ തരത്തിലുള്ള തട്ടിപ്പുകളുമായി സംഘങ്ങൾ പല ഭാഗത്തുമുണ്ട്. ഏതാനും ദിവസം മുൻപ് ചന്തേര പൊലീസ് സ്റ്റേഷനു സമീപത്തെ മാണിയാട്ട് ഒരു കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന കാറിൽ എത്തി 6,000 രൂപ അടിച്ചു മാറ്റിയ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.

Advertisement