കോട്ടയം:
തീരദേശപാത ഇരട്ടിപ്പിക്കലിന് കോട്ടയത്തിൻ്റെ മണ്ണും. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് ഏഴായിരത്തോളം ലോഡ് എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി നീക്കുന്ന മണ്ണാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്.
രണ്ടായിരത്തോളം ലോഡ് മണ്ണ് നിലവിൽ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുണ്ട്. അടുത്തഘട്ടമായി 5000 ലോഡുകൂടി എത്തിക്കും. ചേർത്തല, തിരുവിഴ, മാരാരിക്കുളം സ്റ്റേഷനുകളോട് ചേർന്നാണ് സംഭരിക്കുന്നത്.
തീരദേശപാത ഇരട്ടിപ്പിക്കലിന് മണ്ണ് ദൗർലഭ്യം രൂക്ഷമാണ്. ഇതിന് ചെറിയ പരിഹാരമെന്ന നിലയിലാണ് മണ്ണ് എത്തിക്കുന്നത്. ചിങ്ങവനം, -ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത നിർമാണത്തിൻ്റെ ഭാഗമായി മുട്ടമ്പലം റെയിൽവേ ഗേറ്റ് ഭാഗത്തുനിന്നാണ് വലിയതോതിൽ മണ്ണ് നീക്കിയത്.
ഈ ഭാഗത്തുനിന്ന് കോട്ടയം സ്റ്റേഷൻവരെ ഒരു കിേലാമീറ്റർ ദൂരത്തിലാണ് മണ്ണുനീക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം ചിങ്ങവനം-, ഏറ്റുമാനൂർ പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചു. ഇതിൽ അവശേഷിച്ച രണ്ടായിരത്തോളം ലോഡാണ് ആലപ്പുഴയിലേക്ക് എത്തിച്ചത്.
മുട്ടമ്പലത്ത് ക്ഷേത്രം നിലനിൽക്കുന്ന ഭാഗത്തുനിന്ന് ഇനി മണ്ണ് നീക്കാനുണ്ട്. ഇത് പൂർത്തിയാകുന്നതോടെ 5000 ലോഡ് മണ്ണ് അധികമായി ഉണ്ടാകുമെന്നാണ് റെയിൽവേ നിർമാണവിഭാഗത്തിൻ്റെ വിലയിരുത്തൽ. ഇതും ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലേക്ക് എത്തിക്കും. റെയിൽവേ തുരങ്കത്തിന് സമാന്തരമായി പാളം നിർമിക്കാനാണ് ഇവിടുത്തെ മണ്ണെടുപ്പ്.
നേരത്തെ ആലപ്പുഴ വഴിയുള്ള എറണാകുളം–കായംകുളം പാത (തീരദേശപാത) ഇരട്ടിപ്പിക്കൽ ജോലികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ മരവിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ റെയിൽവേ ബജറ്റിൽ എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിച്ച റെയിൽവേ 30 കോടി അനുവദിച്ചു. ആലപ്പുഴ വഴിയുള്ള ഇരട്ടിപ്പിക്കൽ പദ്ധതികൾ 2024 മാർച്ചിന് മുമ്പ് പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസും വ്യക്തമാക്കിയിരുന്നു. ഇതോടെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗംവെച്ചു.
എറണാകുളം-ആലപ്പുഴ-കായംകുളം പാതക്ക് 110 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പാതയിൽ കായംകുളം- ഹരിപ്പാട് പാത ഇരട്ടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ-ഹരിപ്പാട് പാതയുടെ ഇരട്ടിപ്പിക്കൽ ജോലി അവസാന ഘട്ടത്തിലാണ്.