Mon. Dec 23rd, 2024
മലപ്പുറം:

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി അധ്യാപക സംവരണം ഉടൻ നടപ്പാക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ. 2018 ലെ സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളിയ സാഹചര്യത്തിൽ നിയമനങ്ങൾക്ക് കാലതാമസം ഉണ്ടാകരുതെന്നാണ് കൂട്ടായ്മയുടെ ആവശ്യം. മലപ്പുറത്ത് ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി കൂട്ടായ്മ രൂപീകരിച്ചു.

എയ്ഡഡ് സ്കുൾ കോളേജുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിനായി 2018ലാണ് സർക്കാർ സംവരണം നിശ്ചയിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ ചില മാനേജ്മെന്‍റുകൾ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും കോടതി സർക്കാർ തീരുമാനം അംഗീകരിച്ചു. ഈ സാഹചര്യത്തിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ നിശ്ചയിച്ച ഭിന്നശേഷി സംവരണാടിസ്ഥാനത്തിൽ ഉടൻ നിയമനം ആരംഭിക്കണമെന്നാണ് ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ ആവശ്യം .

നാല് ശതമാനമാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി സംവരണം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ എയ്ഡഡ് അധ്യാപക നിയമന ശുപാർശകൾ സർക്കാരിന്‍റെ പരിഗണനയിലുണ്ട്. സർക്കാർ തലത്തിൽ നിയമനത്തിനായി വേഗത്തിൽ നടപടി കൈക്കൊള്ളണമെന്നും ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

പരിമിതികളോട് പടവെട്ടി അധ്യാപക യോഗ്യതകൾ നേടിയ ഈ കൂട്ടായ്മയും വലിയ പ്രതീക്ഷയിലാണ്. അടുത്ത അധ്യാപക ദിനം അധ്യാപകരായി ആഘോഷിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.