തിരുവനന്തപുരം:
അമ്പൂരിയിലെ കടയറ വീട്ടിൽ നിന്നു 3 കിലോമീറ്ററാണ് കുമ്പിച്ചൽ കടവിലേക്ക്. രാവിലെ ഏഴേകാലിന് ഇരുചക്ര വാഹനത്തിൽ അവിടെയെത്തിയാൽ നെയ്യാറിന്റെ കൈവഴിയായ കരിപ്പയാറിന്റെ ഓരത്ത് ടീച്ചറെയും കാത്ത് കടത്തു വഞ്ചിയുണ്ടാകും.
15 മിനിട്ടു കൊണ്ട് കടത്തുവഞ്ചി കാരിക്കുഴി കടവിലെത്തും. പിന്നെ, കാട്ടുപാതയിലൂടെ 2 മണിക്കൂർ കാൽനട യാത്ര. പാറപ്പുറത്തുള്ള കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ എത്തുമ്പോഴേക്കും 10 മണിയാകും.
പിന്നെ മൂന്നുമണി വരെ കുട്ടികളുമൊത്തുള്ള അക്ഷരലോകത്ത്. 23 വർഷമായി ഇതാണ് ഉഷാകുമാരി എന്ന അധ്യാപികയുടെ ജീവിതം. കോവിഡിനെ തുടർന്ന് കുറച്ചു കാലം ക്ലാസ് തടസ്സപ്പെട്ടു. ഓൺലൈൻ പരീക്ഷിച്ചെങ്കിലും നെറ്റ് വർക്ക് തകരാർ തടസ്സമായി.
തുടർന്ന് വീണ്ടും വിദ്യാലയത്തിൽ പോയി തുടങ്ങി. ക്ലാസിനെത്താത്ത കുട്ടികളുടെ വീടുകളിലെത്തി പഠിപ്പിച്ചു. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാലയത്തിൽ പോകുന്നത്.
‘‘അധ്യാപികയായുള്ള സേവനം കാൽനൂറ്റാണ്ടിനോട് അടുക്കുമ്പോൾ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ നൂറുകണക്കിന് കുട്ടികൾക്ക് ജീവിതത്തിന് വിളക്കാകാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യമാണ് ഉഷാകുമാരിക്ക് പ്രധാനം,‘‘ എന്നെ സ്ഥിരമാക്കുമോയെന്നു ഉറപ്പു പറയാനാകില്ല. പ്യുൺ ജോലി മുതൽ ഹെഡ്മാസ്റ്റർ വരെയുള്ളവരുടെ ജോലികൾ ഒറ്റയ്ക്കു ചെയ്യുന്ന എന്നെപ്പോലെയുള്ള 344 അധ്യാപകർ സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരാണ്.
ഞങ്ങളുടെ ദുരിതവും കണ്ണീരും ആരും കാണുന്നില്ല’– ഉഷ പറയുന്നു. ‘‘ലോഡിങ് തൊഴിലാളിയായ ഭർത്താവ് കെ മോഹനനും, മക്കളായ മോനിഷും, രേഷ്മയും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. കടം വാങ്ങിയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.
ആസ്ത്മ രോഗിയാണ് ഞാൻ. ഇൻഹേലർ ഉപയോഗിച്ച ശേഷമാണ് പഠിപ്പിക്കാൻ പോകുന്നത്. കുന്നിറങ്ങുമ്പോൾ പലപ്പോഴും വീണു പരുക്കേറ്റിട്ടുണ്ട്. എന്നെങ്കിലും എന്റെ ജോലി സ്ഥിരപ്പെടുമോ? അറിയില്ല.’’ അധ്യാപക ദിനത്തിൽ കാടിന്റെ മക്കളുടെ ഈ പ്രിയ അധ്യാപിക പറഞ്ഞുനിർത്തി