പാലക്കാട് ∙
കൊവിഡുമായി ബന്ധപ്പെട്ടു കുട്ടികളിൽ ഉണ്ടാകുന്ന രോഗാവസ്ഥയായ മിസ്കിന്റെ (എംഐഎസ്‌സി– മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം) ലക്ഷണങ്ങളോടെ രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഒരാളെ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
പട്ടാമ്പിയിൽ നിന്നുള്ള എട്ടു വയസ്സുകാരിയെയും കടമ്പഴിപ്പുറത്തു നിന്നുള്ള 11 വയസ്സുകാരനെയുമാണു ശക്തമായ മിസ്ക് ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ആൺകുട്ടിയുടെ സ്ഥിതി മോശമായതിനാലാണു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. കുട്ടി ഒാക്സിജൻ ചികിത്സയിലാണ്.
കൊവിഡു കാലത്ത് ഒരു കുട്ടിക്ക് ജില്ലയിൽ ഒാക്സിജൻ ചികിത്സ വേണ്ടിവരുന്നത് ആദ്യമാണെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. എട്ടു വയസുള്ള കുട്ടിയുടെ നില തൃപ്തികരമാണ്. മെഡിക്കൽ കോളജിൽപ്രവേശിപ്പിച്ച കുട്ടിക്ക് 28ന് അപ്പന്റിക്സിന് ഒാപ്പറേഷന്റെ ഭാഗമായി ടെസ്റ്റ് ചെയ്തപ്പോഴാണു കൊവിഡ് പോസിറ്റീവായത്.
പിന്നീട് പനി കുറയാത്തതിനാൽ നടത്തിയ പരിശോധനയിലാണ് മിസ്ക് സൂചന ലഭിച്ചത്. ലക്ഷണങ്ങളില്ലാതെ കൊവിഡ് നേരത്തെ വന്നിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഒരു മേഖലയിൽ രണ്ടു മിസ്ക് കേസുകൾ അടുത്തടുത്ത ദിവസം റിപ്പോർട്ടു ചെയ്തത് അതീവ ഗൗരവത്തോടെയാണു ജില്ലാ ആരോഗ്യവകുപ്പ് കാണുന്നത്.
രോഗവുമായി വരുന്ന കുട്ടികൾക്കു മുൻപു സമാന ലക്ഷണങ്ങളുണ്ടായിരുന്നോ എന്നതുൾപ്പെടെ ശ്രദ്ധിക്കാൻ നിർദേശിച്ചതായി കൊവിഡ് നോഡൽ ഒാഫിസർ ഡോ. മേരിജ്യോതി വിൻസൺ പറഞ്ഞു.