Sat. Jan 18th, 2025

കൽപറ്റ:

കൊവി‍ഡ് പ്രതിസന്ധിക്കിടയിലും പാചകവാതക വില റോക്കറ്റ് പോലെ മേലോട്ടു കുതിച്ചുപായുന്നതു നോക്കി തലയ്ക്കു കൈയും കൊടുത്തിരിക്കുകയാണു പൊതുജനം. ഈ വർഷം ഇതുവരെ 190 രൂപയുടെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ ഒന്നിനാണ് ഏറ്റവും ഒടുവിലായി വില വർദ്ധിപ്പിച്ചത് – 25 രൂപ.

‍നിലവിലെ വില 898.50 രൂപയാണ്. ഒരു സിലിണ്ടർ പാചകവാതകം ഡെലിവറി ചാർജ് അടക്കം വീട്ടിലെത്തണമെങ്കിൽ 950 രൂപ നൽകണം.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും അടിക്കടി മാറ്റമുണ്ട്.

ഈ വർഷം ഇതുവരെ വാണിജ്യസിലിണ്ടറിനു 400 രൂപയിലധികമാണു വർദ്ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനു നിലവിലെ വില 1730 രൂപയിലെത്തി. കഴിഞ്ഞ ഒന്നിനാണു അവസാനമായി വില വർദ്ധിപ്പിച്ചത് –74.50 രൂപ. പാചകവാതക വിലയോടൊപ്പം ഇന്ധനവിലയും വർദ്ധിക്കുന്നതിനാൽ എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമായി.

കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നവർ, ലോട്ടറി തൊഴിലാളികൾ, തയ്യൽത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോ–ടാക്സി ഡ്രൈവർമാർ, സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയവർ കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. സർക്കാരിൽ നിന്നുള്ള നാമമാത്ര ആനുകൂല്യങ്ങൾ കൊണ്ടാണു ഇവരിൽ പലരും പിടിച്ചുനിൽക്കുന്നത്. 2 വർഷമായി മുടങ്ങിയ പാചകവാതക സബ്സിഡി ഇനിയും പുനരാരംഭിച്ചിട്ടുമില്ല.