Sat. Nov 23rd, 2024

കുട്ടനാട് ∙

എസി റോഡിലെ പക്കി പാലത്തിന്റെ പൈലിങ് പുനരാരംഭിച്ചു. ഒരു തൂണിന്റെ പൈലിങ്ങാണ് ഇന്നലെ ആരംഭിച്ചത്. അടുത്ത ദിവസം 2 യൂണിറ്റ് യന്ത്രങ്ങൾ കൂടി എത്തിച്ചു അവശേഷിക്കുന്ന 2 തൂണുകളുടെയും പൈലിങ് പൂർത്തിയാക്കും.

പൊങ്ങ പാലത്തിനൊപ്പം ജോലികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. പൊങ്ങ പാലത്തിന്റെ പൈലിങ് ക്യാപിനായുള്ള കോൺക്രീറ്റ് ജോലികൾ ഇന്നു നടക്കും. കോ‍ൺക്രീറ്റിനുശേഷം 14 ദിവസം കഴിഞ്ഞായിരിക്കും തുടർ ജോലികൾ നടക്കുന്നത്.

രാമങ്കരി പാലത്തിന്റെ പൈലിങ് പുരോഗമിക്കുന്നതിനൊപ്പം മാമ്പുഴക്കരിക്കും കിടങ്ങറയ്ക്കും ഇടയിൽ ഓടയുടെയും ഡക്ടിന്റെയും ജോലികൾ പുനരാരംഭിച്ചു. ജല അതോറിറ്റിയുടെ പൈപ്‌ലൈൻ തടസ്സം സൃഷ്ടിച്ചതിനാൽ ഓടയുടെ നിർമാണം മാറ്റി വച്ചിരിക്കുകയായിരുന്നു.ഇന്നലെ പൈപ്പ് പൂർണമായി മാറ്റി സ്ഥാപിച്ചശേഷമാണു ജോലികൾ തുടങ്ങിയത്.

ഇന്ന് തോമസ് കെ.തോമസ് എംഎൽഎ ബന്ധപ്പെട്ട അധികാരികൾക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. ഗതാഗത പ്രശ്നങ്ങൾക്ക് അടക്കം പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.