Tue. Apr 16th, 2024

പിറവം:

പതിനെട്ട് വയസ്സിനുമുകളിലുള്ള എല്ലാവർക്കും ആദ്യഘട്ട വാക്‌സിൻ നൽകിയ നേട്ടവുമായി പിറവം, കൂത്താട്ടുകുളം നഗരസഭകൾ. ഒന്നാംഘട്ടം സമ്പൂർണ വാക്സിനേഷൻ യജ്ഞം പൂർത്തീകരിച്ച തദ്ദേശ സ്ഥാപനമായി പിറവം നഗരസഭയെ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് പ്രഖ്യാപിച്ചു. 19,691 പേരിൽ അർഹരായ 19,613 പേർക്ക്‌ ആദ്യഘട്ട വാക്സിനും 14,872 പേർക്ക്‌ രണ്ടാംഘട്ട വാക്‌സിനും നൽകി.

ആരോഗ്യകാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരും കൊവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തവരുമാണ് വാക്സിൻ എടുക്കാത്തത്. വാക്സിനേഷനായി സെന്റ് ജോസഫ്‌സ് സ്കൂളിലും നഗരത്തിലെ സ്വകാര്യ ബസ്‌ സ്റ്റാൻഡിനുസമീപവും പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു.

ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ജിൽസ് പെരിയപ്പുറം, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ജൂബി പൗലോസ്, താലൂക്കാശുപത്രി സൂപ്രണ്ട് സുനിൽ ജെ ഇളന്തട്ട് എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം നഗരസഭയിൽ 60ന് മുകളിൽ പ്രായമുള്ളവർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും മാതൃകവചം പദ്ധതിയിലൂടെ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ നൽകി.

കിടപ്പുരോഗികൾക്ക്‌ പാലിയേറ്റിവ് യൂണിറ്റിന്റെ സഹകരണത്തോടെ വീടുകളിലെത്തി വാക്സിൻ നൽകി. ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, സന്നദ്ധ സേന അംഗങ്ങൾ എന്നിവരെ അനുമോദിക്കുന്നതായി നഗരസഭാധ്യക്ഷ വിജയ ശിവൻ അറിയിച്ചു.