Mon. Dec 23rd, 2024

വള്ളികുന്നം ∙

യുവതിയുടെ ആധാർ കാർഡ് ദുരുപയോഗിച്ച് ബാങ്ക് പണയ ഇടപാടു നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയ്ക്കെതിരെ കേസ് എടുത്തു. കാമ്പിശേരിയിൽ പണമിടപാട് സ്ഥാപനം നടത്തുന്ന കെ വിജയനെതിരെയാണ് കേസ്. വള്ളികുന്നം കടുവിനാൽ താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്ആർ അഞ്ജു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

1,57,252 രൂപയുടെ പണയം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യണമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടിസ് കഴിഞ്ഞ ഓഗസ്റ്റ് 31ന് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽ നിന്ന് അഞ്ജുവിന് ലഭിച്ചിരുന്നു. ബാങ്കുമായി ഇടപാട് ഇല്ലാത്തതിനാൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് 12 തവണകളായി ലക്ഷങ്ങളുടെ ഇടപാടാണ് ഈ ആധാർ കാർഡ് ഉപയോഗിച്ച് നടന്നിരിക്കുന്നതെന്ന് അറിഞ്ഞത്. അന്വേഷിക്കാൻ എത്തിയ സമയത്ത് ഈ പണയം ഇവിടെ നിന്ന് തിരിച്ചെടുത്തിരുന്നു.

മൂന്ന് വർഷം മുൻപ്  വിജയന്റെ പണമിടപാട് സ്ഥാപനത്തിൽ അഞ്ജു സ്വർണം പണയം വച്ചപ്പോൾ നൽകിയ ആധാർ കാർഡിന്റെ പകർപ്പ് ഉപയോഗിച്ചാണ് അനധികൃതമായി  ബാങ്കിൽ പണയ ഇടപാട് നടത്തിവന്നത്. ചൂനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഓഗസ്റ്റ് 31ന് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും വിജയന്റെ സ്ഥാപനത്തിൽ പണയം വച്ച ഒരു പവന്റെ മാല 30,000 രൂപ നൽകി തിരികെ എടുക്കണമെന്ന വ്യവസ്ഥയിൽ അഞ്ജുവിനെ തിരിച്ചയയ്ക്കുകയുമായിരുന്നു.

പിറ്റേന്ന് രാവിലെ ഈ തുക അടച്ച് സ്റ്റേഷനിൽ എത്തി ഉരുപ്പടി കൈപ്പറ്റുകയും ചെയ്തു. തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത വിജയനും അതിനു കൂട്ടുനിന്ന ബാങ്കിനും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് പറഞ്ഞാണ് വിജയൻ ഇടപാട് നടത്തിയതെന്നും അഞ്ജുവിന്റെ ഒപ്പല്ല ഫോമുകളിൽ ഇട്ടിരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായെന്നും അനധികൃത ഇടപാടിന് കൂട്ടുനിന്നവരെപ്പറ്റിയും അന്വേഷിച്ച് നടപടി എടുക്കുമെന്നും വള്ളികുന്നം സിഐ എംഎം ഇഗ്നേഷ്യസ് പറഞ്ഞു.

ബാങ്കുമായി വർഷങ്ങളായി ഇടപാടുള്ള ആളാണ് വിജയനെന്നും ഇദ്ദേഹത്തിന്റെ വിശ്വാസ്യത ബാങ്കിന് ബോധ്യമുള്ളതു കൊണ്ടാണ് സ്ഥാപനത്തിലെ ജീവനക്കാരി എന്നു പറഞ്ഞപ്പോൾ ഫോം കൊടുത്തു വിട്ട് ഒപ്പ് വാങ്ങി ഇടപാടുകൾ നടത്തിയതെന്നും നിലവിൽ ബാങ്കിൽ ഇയാൾക്ക് പണയ ഉരുപ്പടികൾ ഒന്നും ഇല്ലെന്നും ബാങ്ക് അധികൃതർ പറയുന്നു.