Wed. Jan 22nd, 2025

മണ്ണാർക്കാട് ∙

ഗോവിന്ദപുരത്ത് വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 2 പവന്റെ മാല കവർന്നു. പെരിമ്പടാരി ഗോവിന്ദപുരം കല്ലിങ്ങൽ വിജയകുമാറിന്റെ ഭാര്യ ലിഷയുടെ മാലയാണു കവർന്നത്. ചൊവ്വാഴ്ച രാത്രി 9.30ന് ലിഷയുടെ പേര് വിളിക്കുന്നതു കേട്ട് അടുക്കളവാതിൽ തുറന്ന ലിഷയുടെ മുഖത്തേക്ക് മുളകുപൊടി വിതറുകയും താലിമാല പൊട്ടിച്ച്‌ ഓടുകയുമായിരുന്നു.

പുറത്ത് ഉണക്കാനിട്ടിരുന്ന തുണി ലിഷയുടെ മുഖത്തേക്ക് എറിഞ്ഞ മോഷ്ടാവ് വീടിനു മുൻവശത്തുള്ള കവുങ്ങിൻ തോട്ടത്തിലൂടെ ഓടുന്നത് കണ്ടെന്ന് ലിഷ പറഞ്ഞു. ഈ സമയത്ത് വീട്ടിൽ കറന്റ് പോയിരുന്നു. പരിശോധനയിൽ ഫ്യൂസ് ഇളക്കിയ നിലയിൽ കണ്ടെത്തി.

അടുക്കള ഭാഗത്തെ എൽഇഡി ബൾബിന്റെ വെളിച്ചിത്തിലാണു മാല പൊട്ടിച്ചയാൾ ഓടുന്നതു കണ്ടത്. സംഭവത്തിനു ശേഷം ലിഷയുടെ കരച്ചിൽ കേട്ട് അയൽക്കാർ എത്തി ചുറ്റും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പൊലീസ് നായ എത്തി മണം പിടിച്ച ശേഷം വീടിനു മുൻവശത്തെ കവുങ്ങിൻ തോട്ടത്തിലൂടെ ഓടി തോടിന്റെ ഭാഗത്ത് എത്തിനിന്നു.

ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. മണ്ണാർക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണു ലിഷ. ഭർത്താവ് വിജയകുമാർ പെരിന്തൽമണ്ണയിൽ സുരക്ഷാ ജീവനക്കാരനാണ്. മൂത്ത മകളെ വിവാഹം കഴിച്ചയച്ചു. ചെറിയ മകൾക്ക് പെരിന്തൽമണ്ണയിലാണു ജോലി. സംഭവത്തിന്റെ ആഘാതത്തിൽനിന്നും ലിഷ മോചിതയായിട്ടില്ല.