Fri. Apr 26th, 2024

ചാലക്കുടി: 

ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു. നാലുവരിപ്പാതയേയും പഴയ ദേശീയപാതയേയും ബന്ധിപ്പിച്ച് ചിറങ്ങര ജങ്ഷനിലാണ് മേൽപ്പാലം .

17കോടി രൂപ ചെലവിലാണ്  നിർമാണം. മുൻ എംഎൽഎ ബി ഡി ദേവസിയുടെ  ഇടപെടലിനെത്തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
നിർമാണം പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർക്ക് റെയിൽവേ ഗേറ്റിന്റെ കടമ്പയില്ലാതെ എളുപ്പത്തിൽ ചിറങ്ങര ജങ്ഷനിലെത്താം.

ഗേറ്റിനടിയിൽ രോഗികളുമായി പോയ ആംബുലൻസടക്കമുള്ള വാഹനങ്ങൾ കുടുങ്ങുന്നതും അത്യാഹിതം സംഭവിക്കുന്നതും സ്ഥിരം സംഭവങ്ങളായതോടെ ഇത്   വിവാദങ്ങൾക്കും കാരണമായി. അന്നുമതലേ മേൽപ്പാലം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മുൻ എംഎൽഎ യുടെ നേതൃത്വത്തിൽ  മേൽപ്പാലത്തിനായുള്ള ശ്രമം ആരംഭിച്ചത്.

നിർമാണത്തിന് തടസ്സമായിരുന്ന കെട്ടിടങ്ങളും മരങ്ങളുമെല്ലാം നീക്കം ചെയ്ത് പൈലിങ് പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. നിർമാണത്തെത്തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.  ചിറങ്ങര ജങ്ഷനിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.