Wed. Jan 22nd, 2025

പാലക്കാട്:

ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.  മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു.

റെയിൽവേ മേൽപ്പാലത്തിന് സമീപം ഇരുവശവും താഴ്ചയുള്ള പ്രദേശമാണ്.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ താഴ്ചയിലേക്ക് വീഴും. രാത്രിയിൽ തെരുവ് വിളക്കില്ലാത്തതിനാൽ സ്ഥിതി ഗുരുതമാക്കുന്നു.

വെളിച്ചമില്ലായ്മ മുതലെടുത്താണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളരുതെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും നഗരസഭ ജീവനക്കാർതന്നെ മാലിന്യം തള്ളുകയാണ്‌. ഇതിനെതിരെ നാട്ടുകാരിലും പ്രതിഷേധമുണ്ട്‌.

ഹോട്ടലുകളിൽനിന്നുള്ള ആഹാര അവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും റോഡിന്റെ ഇരുവശത്തുമായി വലിച്ചെറിയുന്നു. മാലിന്യം കത്തിക്കുന്നതും പതിവാണ്. മാലിന്യം നീക്കാൻ ഇതുവരെ നഗരസഭ തയ്യാറായിട്ടില്ല.

നിരവധി തവണ ഇവിടെ തീപിടിത്തവുമുണ്ടായി. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരസഭ  നടപടിയെടുക്കണമെന്നാണ് ആവശ്യം.