തിരുവനന്തപുരം:
ഒടുവിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനും ഹെൽത്ത് ക്ലബിനും ശാപമോക്ഷം. 15 ദിവസത്തികം ഇവ നവീകരിക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കമ്പനി ഐ എൽ ആൻഡ് എഫ് എസ് വ്യക്തമാക്കി. വെള്ളിയാഴ്ചമുതൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്.
സ്റ്റേഡിയത്തിൻ്റെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിന് രാജ്യാന്തര ശ്രദ്ധ നേടിത്തന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം കോവിഡിൻ്റെ പശ്ചാത്തലത്തിൽ പൂർണമായും നശിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്കും മറ്റ് പല റിക്രൂട്ട്മെൻറ് പരിപാടികൾക്കുമെല്ലാം സ്റ്റേഡിയം നൽകിയതോടെ ആകെ തകർന്ന അവസ്ഥയിലേക്ക് അത് മാറി. പുല്ലും മറ്റും വളർന്ന് കാടുകയറിയ അവസ്ഥയിലാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
സ്റ്റേഡിയം ശോച്യാവസ്ഥയിലായിട്ടും സർക്കാർ മുഖം തിരിച്ചു. നടത്തിപ്പിനുള്ള കമ്പനി നടപടിയൊന്നും എടുക്കാതായതോടെ സർക്കാർ കോടികൾ മുടക്കി നവീകരിക്കേണ്ട അവസ്ഥയിലായിരുന്നു. കരാർ മാനദണ്ഡങ്ങള് ലംഘിച്ച കമ്പനിയിൽനിന്ന് സ്റ്റേഡിയവും അനുബന്ധം സ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നു.
എന്നാൽ, ഐ എൽ ആൻഡ് എഫ്എസ് നവീകരണം ഏറ്റെടുത്തതോടെ പ്രതിസന്ധി മാറിയിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ സ്റ്റേഡിയം പഴയ രീതിയിലാകുമെന്നും ക്ലബുകളുടെ പ്രവർത്തനം പഴയനിലയിലേക്ക് നീങ്ങുമെന്നുമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
ഗ്രീൻഫീൽഡ് നിർമിച്ചത് ഐ എൽ ആൻഡ് എഫ് എസ് കമ്പനിയാണ്. കേരള സർവകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബി ഒ ടി വ്യവസ്ഥയിൽ സ്റ്റേഡിയത്തിനായി സർക്കാർ കൈമാറിയത്. സ്റ്റേഡിയത്തിന് പുറമെ ഹെൽത്ത് ക്ലബ്, ഹോട്ടൽ, കണ്വെൻഷൻ സെൻറർ എന്നിവയിൽനിന്നുള്ള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വർഷത്തിനുള്ള വാർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ.
ഗ്രീൻഫീൽഡിൻ്റെ പൂർണമായ പരിപാലനവും കരാർ കമ്പനിക്കാണ്. ഇവിടെ തിയറ്ററുകൾ ഉൾപ്പെടെയുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തിയറ്ററുകൾ മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാൽ അതും നാശത്തിൻ്റെ വക്കിലാണെന്നാണ് വിവരം. ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.