Wed. Jan 22nd, 2025

കുട്ടനാട് ∙

എസി റോഡ് നവീകരണത്തോടനുബന്ധിച്ചു റോഡ് അടച്ചതോടെയുണ്ടായ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നു തോമസ് കെ.തോമസ് എംഎൽഎ. കലക്ടറേറ്റിൽ കൂടിയ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.

പക്കി പാലത്തിനും പൊങ്ങ പാലത്തിനും ഇടയിൽ കെഎസ്ആർടിസിയുടെ മിനി ബസ് ഇന്നു മുതൽ സർവീസ്  തുടങ്ങാൻ നിർദേശം നൽകി. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രിയുമായി എംഎൽഎ ഫോണിൽ ചർച്ച നടത്തി. വേണ്ടി വന്നാൽ കുട്ടനാട്ടിൽ കെഎസ്ആർടിസി മിനി ബസ് സ്റ്റേ ചെയ്യാൻ മിനി സിവിൽ സ്റ്റേഷനു സമീപത്തോ  കൈനകരിയിലോ സംവിധാനം ഒരുക്കാൻ തഹസിൽദാരുമായി ചേർന്നു നടപടി സ്വീകരിക്കും.

പുനർ നിർമിക്കുന്ന പാലങ്ങളുടെ സമാന്തരമായി നിർമിച്ചിരിക്കുന്ന താൽക്കാലിക പാലത്തിലൂടെ തദ്ദേശവാസികളുടെ ചെറുകാറുകൾ അടക്കമുള്ള ഭാരം കുറഞ്ഞ വാഹനങ്ങൾ കടത്തി വിടുന്നതിനുള്ള സംവിധാനം ഒരുക്കണം. പരാതി രഹിത റോഡ് നിർമാണമാണ് എസി റോഡിൽ നടപ്പിലാക്കേണ്ടത്.

ഇനി പൊളിച്ചു നിർമിക്കേണ്ട പാലങ്ങൾക്കു സമാന്തരമായി നിർമിക്കേണ്ട പാതയ്ക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ സ്വകാര്യ വ്യക്തികളുമായും മറ്റും ചർച്ച നടത്തി  നടപടി സ്വീകരിക്കും. ഭാരവാഹനങ്ങൾ കൂടുതലായി സഞ്ചരിക്കുന്നതിനാൽ തിരുവല്ല–അമ്പലപ്പുഴ പാതയിൽ പൈപ്പുപൊട്ടലിനു പരിഹാരം കാണാൻ കുട്ടനാട്ടിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള  ഉപറോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

വിവിധ സംഘടനാ നേതാക്കൾ, കെഎസ്ആർടിസി, കെഎസ്ഇബി, കെഎസ്ടിപി, പൊതുമാരാമത്ത്, റവന്യു, പൊലീസ്, ബിഎസ്എൻഎൽ   വകുപ്പുകളിലെ അധികൃതരും കരാർ കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.നാളെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എംഎൽഎ എസി റോഡ് സന്ദർശിച്ചു നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും.