പഴവങ്ങാടി:
കോവിഡ് കാലത്ത് കുട്ടികളുടെ വിരസത മാറ്റാൻ രസകരമായ വിഡിയോയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ അധ്യാപിക. ഓൺലൈൻ ക്ലാസുകൾ കാണുന്നതിൽ പലർക്കും താൽപര്യം കുറഞ്ഞു. ഏകാന്തതയും വിരസതയും കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
ഇത് മനസ്സിലാക്കിയാണ് റാന്നി പഴവങ്ങാടി യു പി സ്കൂളിലെ അജിനി ടീച്ചർ പുതുവഴി തേടിയത്. പാഠ്യവിഷയങ്ങളുടെ വിഡിയോ തയാറാക്കി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
ഓണക്കാലത്ത് കളിപ്പാട്ട നിർമാണ പരിശീലനം നൽകിയിരുന്നു. വീട്ടുവളപ്പിൽ ലഭ്യമായ ഓലയും പ്ലാവിലയും വാഴത്തണ്ടും വെള്ളക്കയും ഉപയോഗിച്ച് കളിപ്പാട്ടം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചതിനൊപ്പം ശാസ്ത്രതത്ത്വം കൂടി മനസ്സിലാക്കിക്കൊടുത്തു.
കുട്ടികളെ കളിപ്പാട്ട നിർമാണത്തിലേക്ക് ആകർഷിക്കാൻ ചെയ്ത ചെറു വിഡിയോ വൈറൽ ആയിരുന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിഡിയോകൾ ടീച്ചർ അയച്ചുകൊടുക്കുകയും ചെയ്തു.
കോവിഡ് കാലത്തിൻ്റെ തുടക്കത്തിൽ ഹാൻഡ് വാഷ് നിർമാണ പരിശീലനം, ആരോഗ്യ ശുചിത്വ ക്ലാസുകൾ എന്നിവ ഓൺലൈനിൽ നൽകിയിരുന്നു. വിവിധ ടിടിഐകൾ, പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ, ബാലവേദികൾ എന്നിവിടങ്ങളിൽ ശാസ്ത്ര ക്ലാസുകളും പഠനോപകണ നിർമാണ പരിശീലനവും നൽകി ജില്ലയിലെ താരമായിരിക്കുകയാണ് ടീച്ചർ.
ഇപ്പോൾ അധ്യാപക ദിനത്തിൽ മാജിക്കും ഉൾപ്പെടുന്ന വിഡിയോ ചെയ്ത് കുട്ടികൾക്ക് സസ്പെൻസ് ഒരുക്കാനുള്ള തയാറെടുപ്പിലാണിവർ.