Wed. Nov 6th, 2024
കൊല്ലം:

ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ ലോറി ലോഡിങ് തൊഴിലാളികൾ തടഞ്ഞു. ഇന്നലെ വൈകിട്ടു മൂന്നരയോടെ ആണു സംഭവം. കോവിഡ് രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും മാസമായി ജില്ലാ ആശുപത്രിയിലേക്കു നിത്യവും എത്തുന്ന ഇരുനൂറോളം സിലിണ്ടറുകൾ കലക്ടറുടെ നിർദേശപ്രകാരം വിവിധ യൂണിയനുകൾപെട്ട തൊഴിലാളികളാണ് കയറ്റിറക്കു നടത്തിയിരുന്നത്.

എന്നാൽ, ഇവിടെ പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതോടെ ഓക്സിജൻ സിലിണ്ടറുകൾ ഇറക്കാൻ തൊഴിലാളികളുടെ ആവശ്യമില്ല. അതിനാൽ ഇനി മുതൽ തൊഴിലാളികളുടെ സേവനം ആവശ്യമില്ലെന്ന് അറിയിച്ചതാണു പ്രകോപനം.

സിലിണ്ടറുകളുമായി എത്തിയ ലോറി ഒരു സംഘം തൊഴിലാളികൾ ചേർന്നു തടയുകയായിരുന്നു. ഓക്സിജൻ നൽകാൻ കരാർ എടുത്തിരിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാർ തന്നെ സിലിണ്ടറുകൾ ഇറക്കിയാലും കൂലി ചുമട്ടു തൊഴിലാളികൾക്കു നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കലക്ടറുടെ നിർദേശപ്രകാരം ജില്ലാ ലേബർ ഓഫിസർ അടക്കമുള്ള സംഘം എത്തി ഇവരുമായി ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ പിന്മാറാൻ തയാറായില്ല. ഇതിനിടെ എല്ലാ യൂണിയനുകളിലേയും നേതാക്കൾ തൊഴിലാളികളുമായി ചർച്ച നടത്തിയെന്നും പറയുന്നു. വാഹനം വിട്ടയച്ചില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ചു തൊഴിലാളികളെ നീക്കം ചെയ്യുമെന്നു ജില്ലാ ലേബർ ഓഫിസർ അറിയിച്ചതോടെയാണ് ഇവർ പിന്മാറിയത്.

ഒരു ദിവസം ആവശ്യമുള്ളത് അൻപതോളം സിലിണ്ടറുകൾ ഓക്സിജൻ പ്ലാന്റ് വന്നതോടെ ജില്ലാ ആശുപത്രിയിൽ നിത്യവും ഇരുനൂറോളം സിലിണ്ടറുകൾ ആവശ്യമായിരുന്നിടത്ത് അൻപതോളം സിലിണ്ടറുകൾ മാത്രമേ ഒരു ദിവസം ആവശ്യമുള്ളൂ.

ഇത്, ഓക്സിജൻ നൽകാൻ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാർ തന്നെ നേരിട്ട് ഇറക്കുകയും ചെയ്യും. പ്ലാന്റിലേക്കുള്ള ഓക്സിജൻ ടാങ്കറിലാണ് എത്തുന്നത്. ഇത് നേരിട്ടു പ്ലാന്റുമായി ഘടിപ്പിച്ചാണ് ഓക്സിജൻ നിറയ്ക്കുന്നത്. ഇതിനു തൊഴിലാളികളുടെ ആവശ്യമില്ല.