Fri. Nov 22nd, 2024

ഇരിങ്ങാലക്കുട: 

ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌. ഇതോടൊപ്പം നഗരത്തിൽ വൈദ്യുതിബന്ധവും താറുമാറായി.

കടയുടെ ഷട്ടർ പൂർണമായും തകർന്നു. ഫ്രിഡ്‌ജും മറ്റ്‌ ഉപകരണങ്ങളും പുറത്തേക്ക് തെറിച്ചു. സ്ഫോടനശബ്ദം ഒരു കിലോമീറ്ററിനപ്പുറം വരെ കേട്ടതായി പറയുന്നു.

സ്‌ഫോടനത്തിൽ പുറത്തേക്ക്‌ തെറിച്ച ഫ്രിഡ്ജ്  റോഡിനപ്പുറമുള്ള കെഎസ്ഇബിയുടെ എസ്ബിടി ട്രാൻസ്‌ഫോർമറിൽ പതിച്ചതാണ്‌ വൈദ്യുതി തടസ്സപ്പെടാനുള്ള കാരണമെന്നാണ്‌ നിഗമനം. എന്നാൽ  ട്രാൻസ്‌ഫോർമറിന്‌ പ്രത്യക്ഷത്തിൽ കേടുപാടുകൾ ഒന്നുമില്ല.

പകൽ സമയങ്ങളിൽ ഏറെ തിരക്കുള്ള ഭാഗമാണിവിടെ. രാത്രിയായതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.  മുകുന്ദപുരം താലൂക്ക് സഹകരണ സ്റ്റോർ സംഘത്തിന്റെ കെട്ടിടത്തിലാണ്‌ സ്‌ഫോടനം നടന്ന കട പ്രവർത്തിക്കുന്നത്‌.

ഈ കെട്ടിടത്തിൽ സംഘം നടത്തുന്ന റേഷൻ കട, കല്ലൻകുന്ന്‌ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽസ്‌, പലചരക്ക്‌ കട എന്നിവയും മുകൾനിലയിൽ സംഘം ഓഫീസും പ്രവർത്തിക്കുന്നു.