Thu. Dec 19th, 2024
കൊല്ലം:

പനമൂട് ദേവീക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈ പിടിച്ചു നൽകിയതു വരെ കളക്ടർ.

സർക്കാരിനു കീഴിലുള്ള ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിനാണ് വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് ജില്ലാ കളക്ടർ എത്തിയത്. വെള്ളിമൺ സ്വദേശി വിധുരാജായിരുന്നു വരൻ.

തീരെ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനെട്ടു വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല. പതിനെട്ടു വയസു പൂർത്തിയായതോടെ കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റി.

ഇപ്പോഴിതാ വിവാഹവും സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ നടന്നു. വധു വരൻമാരെ ആശിർവദിക്കാൻ മന്ത്രി ജെ ചിഞ്ചുറാണിയും , എൻ കെ പ്രേമചന്ദ്രൻ എംപിയും , എം നൗഷാദ് എം എൽ എയും എത്തി. അബ്ദുൽ നാസർ കൊല്ലം ജില്ലാ കലക്ടറായ ശേഷം ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്ന മൂന്നാമത്തെ വിവാഹമാണ് ഇന്നത്തേത്.