Mon. Dec 23rd, 2024

കൊടുങ്ങല്ലൂർ:

പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റ്‌ സമാഹരിച്ച തുക കൊണ്ട്‌ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ചു നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്‌എസ്‌. തണൽ സ്നേഹ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം  വെള്ളാങ്കല്ലൂർ പൈങ്ങോട് ഫ്രണ്ട്‌സ്‌ ഹാളിൽ മന്ത്രി കെ രാജൻ നിർവഹിച്ചു.

പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ ഭവന രഹിതയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് വീട് നിർമിച്ചുനൽകുന്നത്.  ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത്   500 സ്നേഹഭവനങ്ങൾ നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി   ജില്ലയിൽ വെള്ളാങ്കല്ലൂർ, എറിയാട്, മാള  പഞ്ചായത്തുകളിലായി നൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്.

സ്ക്രാപ്പ് , ബിരിയാണി ചലഞ്ച്, നാണയത്തുട്ട് ശേഖരണം എന്നിവയിലൂടെയും വിവിധ തരം ഉൽപ്പന്നങ്ങൾ വിറ്റഴിച്ചും  എൻ എസ് എസ് വളണ്ടിയർമാർ സ്വരൂപിച്ച പണം ഉപയോഗിച്ച് 550 സ്ക്വയർ ഫീറ്റ്   ഭവനമാണ്‌ നിർമിച്ചു നൽകുക.

വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. ഇ ടി ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം എം മുകേഷ്, എം എസ് മോഹനൻ, എൻ എസ് എസ് സ്‌റ്റേറ്റ് കോ–ഓർഡിനേറ്റർ ജേക്കബ് ജോൺ, ഡിഡിഇ   മദനമോഹനൻ ടി വി, ജില്ലാ കോ–ഓർഡിനേറ്റർ എം വി പ്രദീഷ്,

ജനപ്രതിനിധികളായ സുജന ബാബു, കെ ബി ബിനോയ്, ടി എസ് ശീതൾ, പ്രോഗ്രാം ഓഫീസർ ഇ ആർ രേഖ, മാനേജർ ലോലിത, പ്രിൻസിപ്പൽ ഇ കെ ശ്രീജിത്ത്, വി എം കരീം, പി ഡി സുഗതൻ, കെ കെ ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.