Thu. Apr 25th, 2024
പൊന്നാനി:

പ്രളയം വിറപ്പിച്ചു പോയ തീരത്ത് നെഞ്ചുവിരിച്ച് ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. ഏത് പ്രളയത്തിലും ഒഴുക്കിനെതിരെ നീന്താനും എത്ര ആഴത്തിൽ ചെന്നും രക്ഷാ പ്രവർത്തനം നടത്താനും കരുത്തുള്ള മുങ്ങൽ വിദഗ്ധരുടെയും നീന്തൽ താരങ്ങളുടെയും കൂട്ടായ്മ. ‘പൊന്നാനി ഗുഡ് ഹോപ് സ്വിം ബ്രോസ്’ എന്ന് പേരിട്ട ഈ കൂട്ടായ്മ കടലിലെയും പുഴയിലെയും ഒഴുക്കിനെയും ആഴത്തെയും അതിജീവിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന തലങ്ങളിൽ നടക്കുന്ന ഒട്ടേറെ മത്സരങ്ങളിൽ ചാംപ്യന്മാരായിട്ടുള്ള താരങ്ങളാണ് കൂട്ടായ്മയിലുള്ളത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 73 അംഗങ്ങൾ ഈ നീന്തൽ കൂട്ടായ്മയിലുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി അധ്യാപകനായ പി പി മൊയ്തീൻ കുട്ടി, പ്രസിഡന്റ് ഇ വി നാസർ എന്നിവരാണ് നീന്തൽ കൂട്ടായ്മയെ മുന്നോട്ടു നയിക്കുന്നത്.

ഓരോ അംഗങ്ങളും ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഏതു നിമിഷവും രംഗത്തിറങ്ങാൻ ഒരുക്കമാണ്.
തുടർച്ചയായുള്ള പ്രളയങ്ങൾ നാടിനെ നടുക്കിയ സാഹചര്യത്തിലാണ് ‘ഗുഡ് ഹോപി’ന്റെ പിറവി. ദിവസവും രാവിലെ ഭാരതപ്പുഴയിൽ കിലോമീറ്ററുകൾ നീന്തിയാണ് കരുത്ത് നിലനിർത്തുന്നത്.

ഒഴുക്കിനെതിരെ കിലോമീറ്ററുകളോളം നീന്തുന്ന ഇ കെ ഉമ്മർ, അലി അയിലക്കാട്, മുങ്ങൽ വിദഗ്ധനായ ഷാജി മാറഞ്ചേരി, ഹംസ എടപ്പാൾ, മുഹമ്മദ് ബഷീർ തലമുണ്ട, ബാപ്പുട്ടി ചമ്രവട്ടം തുടങ്ങിയവരുടെ കരുത്താണ് ഈ കൂട്ടായ്മയുടെ മുതൽക്കൂട്ട്.എൻജിനീയർമാർ, അധ്യാപകർ, പൊലീസ്, കച്ചവടക്കാർ, മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവർ തുടങ്ങി സകല മേഖലകളിൽ നിന്നും പങ്കാളിത്തമുണ്ട് കൂട്ടായ്മയിൽ. കടലോര മേഖലയിൽ കടലാക്രമണത്തെ പ്രതിരോധിക്കാൻ 5000 കാറ്റാടി മരങ്ങൾ സംഘം നട്ടുപിടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.