വടകര:
ദേശീയപാത വികസനത്തിൻറെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്ത്യഘട്ടത്തിൽ. പെരുവഴിയിലായി വ്യാപാരികൾ. അഴിയൂർ വെങ്ങളം ദേശീയപാത ആറു വരിയാക്കുന്നതിൻറെ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്.
വ്യാപാരികൾക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർക്കാർ നിയോഗിച്ച സ്വകാര്യ കൺസൾട്ടൻസിയുടെ അളവുകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികൾക്ക് പരിഹാരം ഉണ്ടായിട്ടില്ല.വ്യാപാരികൾക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികൾക്ക് 6000 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി 75 കോടി അനുവദിക്കണമെന്ന ആവശ്യത്തിന് എൻ എച്ച്എ ഐ മറുപടി നൽകിയിട്ടില്ല.ദേശീയ പാതയുടെ ഘടന സംബന്ധിച്ചും വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. ദേശീയ പാത 45 മീറ്ററിലാണ് വികസിപ്പിക്കുന്നത്. ഇരു ഭാഗങ്ങളിലും കെട്ടിട നിർമാണത്തിന് മാനദണ്ഡങ്ങൾ ഉണ്ട് .
ഇതു പ്രകാരം 60 മീറ്ററിൽ ദേശീയപാത വികസനം എത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.വ്യാപാരികൾക്ക് മേൽ അധികൃതരുടെ സമ്മർദവും മുറുകിയിരിക്കുകയാണ്.
ഫോണിലൂടെയും മറ്റും ഒഴിയാൻ നിർദേശം നൽകുന്നുണ്ട്. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങാനാണ് വ്യാപാരികളുടെ നീക്കം. ഇതിനിടെ ഹൈകോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി സെപ്റ്റംബറോടെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാനാണ് നീക്കം. ഏറ്റെടുക്കാൻ ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് രേഖകൾ കൈമാറുന്ന മുറക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. വ്യാപാരികളും ചില കെട്ടിട ഉടമകളും ഒഴിയാത്തതാണ് അധികൃതർക്ക് കീറാമുട്ടിയാവുന്നത്.
വ്യാപാരികളിൽ ഏറിയ പേർക്കും പുതുതായി കച്ചവടം തുടങ്ങാൻ കഴിഞ്ഞിട്ടില്ല.പുതിയ കെട്ടിടങ്ങൾക്ക് നൽകേണ്ട അഡ്വാൻസും വാടകയും വ്യാപാരികൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.നേരത്തെ ഭൂമി ഏറ്റെടുത്ത പാലോളി പാലം മുതലുള്ള ദേശീയ പാതയുടെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.