കുന്നംകുളം:
കാർഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയിൽ ടൂറിസം സാധ്യതയും. ആസൂത്രണ ബോർഡ് അനുവദിച്ച ഒരു കോടിയും എംഎൽഎ ഫണ്ടായ ഒരു കോടി രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്ത് ടൂറിസം സാധ്യതയ്ക്കും വഴി തെളിയും.
മൂന്ന് പാടശേഖര സമിതികളിലായി 1500 ലേറെ നെൽകർഷകരാണുള്ളത്. ആനക്കുണ്ടിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനും ബണ്ടിന്റെ ആഴം കൂട്ടാനും വരമ്പ് ബലപ്പെടുത്താനുമാണ് പദ്ധതി . തൃശൂർ എൻജി.കോളേജിലെ സിവിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിൽ നിന്ന് മണ്ണ് പരിശോധനയ്ക്ക് എടുത്തു.
കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്തുകളിലായി 70 ഏക്കറോളം സ്ഥലത്താണ് ആനക്കുണ്ട് . കനത്ത വേനലിലും വറ്റാതിരുന്ന ആനക്കുണ്ട് കഴിഞ്ഞ വേനലിൽ വറ്റിയിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം ശുദ്ധജല ക്ഷാമം രൂക്ഷമായി.
ഈ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയിരുന്ന കോട്ടിയാട്ടുമുക്ക് കോൾപടവ്, പുല്ലാണിച്ചാൽ കോൾപടവ്, നമ്പരപടവ് എന്നിവിടങ്ങളിൽ വെള്ളമില്ലാതെ കൃഷി നശിച്ചിരുന്നു.
ചെളി നീക്കുകയും ബണ്ട് വരമ്പ് ബലപ്പെടുത്തുകയും ചെയ്താൽ ആനക്കുണ്ടിൽ വെള്ളം ശേഖരിക്കാനാവും.
പ്രധാന കൃഷിയിടങ്ങളായ തിരുത്തിക്കാട്, മങ്ങാട്, വെട്ടിക്കടവ് മേഖലയിൽ കോൾ കൃഷിക്കൊപ്പം ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നാണ് കിളിപ്പാടം പദ്ധതി. പാടശേഖരത്തെ വെള്ളം വറ്റിക്കാനായി കർഷകർ പമ്പ് ചെയ്യുന്ന വെള്ളം ആനക്കുണ്ട് നിറഞ്ഞ് തോട്ടിലൂടെ പാഴായി പ്പോകുകയാണ്.
ഈ വെള്ളം ആനക്കുണ്ടിൽ സംഭരിക്കാനായാൽ കൃഷിക്ക് ഉപയോഗിക്കാം. നൂറടി തോടുമായി ബന്ധപ്പെട്ടുകിടക്കുന്ന ആനക്കുണ്ടിന്റെ വരമ്പുകൾ ബലപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്താൽ ചെറിയ ബോട്ട് സർവീസ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മഴക്കാലത്തിന് ശേഷം ആനക്കുണ്ട് സംരക്ഷണ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും.