Wed. Jan 22nd, 2025

കൊച്ചി:

പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി.

ഇവിടെ വെച്ച് കൌൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം.

പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു.

ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

തൃക്കാക്കര ന​ഗരസഭയിലെ പണക്കി‌ഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോൺ​ഗ്രസ് ജില്ല കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ ഉണ്ടാകില്ല.കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമേ റിപ്പോർട്ട് ഉണ്ടാകു.

പാർലമെന്ററി പാർട്ടിയുടെ നിർദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോർട്ട് കൈമാറുകയുള്ളു. പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അം​ഗങ്ങൾ അറിയിച്ചിട്ടുണ്ട്.