Mon. Dec 23rd, 2024
കൊട്ടാരക്കര:

ലക്ഷങ്ങൾ പൊടിച്ച് നിർമാണം പാതിവഴിയിലാക്കിയ ശുദ്ധജല പദ്ധതികൾ ഏറ്റെടുക്കാതെ ‘ജലജീവൻ’ മിഷൻ. അന്തമൺ ഉൾപ്പെടെ ഇരുപതോളം ശുദ്ധജല പദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. ജല ജീവൻ മിഷൻ പദ്ധതി വഴി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ 50000 വീടുകളിൽ പൈപ്പ് വഴി ശുദ്ധജലം എത്തിക്കാനാണ് പദ്ധതി.

അന്തമൺ, പെരുംകുളം എന്നിവിടങ്ങളിലായി 40 ലക്ഷത്തോളം രൂപയാണ് ശുദ്ധജല പദ്ധതികൾക്കായി സർക്കാർ മുടക്കിയത്. നിർമാണം പാതി വഴിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

അന്തമണിൽ മതിയായ ജലസ്രോതസ് ഉണ്ട്. കിണർ ഉൾപ്പെടെ നിർമാണവും പൂർത്തിയായി. അറ്റകുറ്റപ്പണികൾ നടത്തി പദ്ധതി പൂർത്തീകരിച്ചാൽ രണ്ട് പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരമാകും.

പതിനഞ്ചോളം മൈക്രോ പദ്ധതികളും ഈ അവസ്ഥയിലാണ്. കുഴൽക്കിണർ നിർമിച്ച് പ്രദേശികമായി ജല വിതരണം നടത്തി വന്ന പദ്ധതികൾ സാങ്കേതിക തകരാറുകളിൽപ്പെട്ട് നിലച്ചു. ഇവ നന്നാക്കി ജലജീവൻ മിഷന്റെ ഭാഗമാക്കണമെന്നാണ് ആവശ്യം.