Sat. Jan 18th, 2025

ആലപ്പുഴ:

ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണം ആരംഭിക്കുമ്പോൾ പ്രവർത്തിക്കാൻ കെഎസ്‌ആർടിസി താൽക്കാലിക ഗാരേജ്‌ വളവനാട്ട്‌ ഒരുങ്ങുന്നു. സിഎച്ച്‌സിക്ക്‌ സമീപം ഗ്യാരേജിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌.

ഒരുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം‌. ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌  ഒന്നിന്‌ തുടങ്ങും. ഇതിന്‌ മുമ്പ്‌ ഡിപ്പോയിലെ  രണ്ട്‌ വർക്ക്‌ഷോപ്പുകൾ പൊളിച്ചുനീക്കണം. പുതിയ വഴിയും തുറക്കണം.

അതിനായി മരങ്ങൾ മുറിക്കുന്നത്‌ വെള്ളിയാഴ്‌ച ആരംഭിക്കും. വളവനാട്ട്‌ ഗ്യാരേജിന്‌ പൈലിങ്‌ പൂർത്തിയായി. തറയുടെയും മേൽക്കൂര സ്ഥാപിക്കാൻ തൂണുകളുടെയും നിർമാണമാണ്‌ പുരോഗമിക്കുന്നത്‌.

നേരത്തെ തയ്യാറാക്കിയ മേൽക്കൂര തൂണുകളിൽ ഘടിപ്പിക്കും. പാർക്കിങ്‌ ഗ്രൗണ്ട്‌ തയ്യാറായിരുന്നു. ഗ്യാരേജിനൊപ്പം എൻജിനിയർ ഓഫീസ്‌, സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസ്‌ എന്നിവയും ഉണ്ടാകുമെന്ന്‌  എടിഒ വി അശോക്‌കുമാർ പറഞ്ഞു.

ഹബ് നിർമാണം തുടങ്ങിയാലും ബസ്‌ സർവീസുകളെല്ലാം പഴയപടി തുടരും. ഡിപ്പോയുടെ മുന്നിലുള്ള ഭാഗം നിലനിർത്തിയാണ്‌ നിർമാണം തുടങ്ങുക. യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും.

രാവിലെ വളവനാടുനിന്ന്‌ വരുന്ന ബസുകൾ ആലപ്പുഴ ഡിപ്പോയിൽ എത്തിയാണ്‌ സർവീസ്‌ നടത്തുക. വടക്കുനിന്നും തെക്കുനിന്നും വരുന്ന ദീർഘദൂര ബസുകൾ ആലപ്പുഴ ഡിപ്പോയിൽ കയറിയാണ്‌ പോകുക.