Sun. Feb 23rd, 2025
പരവൂർ:

പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു വീണത്. വർഷങ്ങളായി പ്രദേശവാസികൾ മലയിടിച്ചിൽ ഭീതിയിലാണ്.

200 മീറ്റർ നീളത്തിൽ ഏകദേശം 20 മീറ്റർ വീതിയിലാണ് ഇന്നലെ മലയിടിഞ്ഞു താഴ്ന്നത്. ഒപ്പം ഒരു വൈദ്യുതി തൂണും ഇടിഞ്ഞു താഴ്ന്നു. മലയിടിച്ചിലിനു പരിഹാരം കാണണമെന്ന പ്രദേശവാസികളുടെയും ചില്ലയ്ക്കൽ കൂട്ടായ്മയുടെയും ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.

കടൽ ഭിത്തിയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും ഇല്ലാത്തതാണ് മല ഇടിയാൻ കാരണം. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ നിന്നു താമസം മാറിപ്പോയി. കര ഇടിഞ്ഞു കടലിൽ പതിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികളുടെ ഉറക്കവും നഷ്ടമായി.

മലയിടിഞ്ഞതോടെ ഇതുവഴിയുള്ള നടവഴിയും നഷ്ടമായി. നഗരസഭ ചെയർപഴ്സൻ പി ശ്രീജ, പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ ജെ ഷെരീഫ്, കൗൺ‍സിലർമാരായ ആർ എസ് സുധീർ‍കുമാർ, ഖദീജാബീവി എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.