പീരുമേട്:
ശമ്പളം കിട്ടാത്തതിനാൽ ജല അതോറിറ്റിയിലെ ദിവസവേതനക്കാരായ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണിക്കാലം. പീരുമേട് സബ് ഡിവിഷൻ ഓഫിസിനു കീഴിലെ 60 ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം ലഭിക്കാത്തത്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.
ഇതനുസരിച്ചു ഇവരിൽ പലരും ഓഫിസിൽ നേരിട്ടെത്തി. എന്നാൽ ശമ്പളം എത്തിയിട്ടില്ലെന്നാണു ഓഫിസിൽനിന്നു ലഭിച്ച മറുപടി. എന്നാൽ ഡിവിഷൻ ഓഫിസിൽ അന്വേഷിച്ചപ്പോൾ ബിൽ പാസാക്കി നൽകിയെന്നും കഴിഞ്ഞ 17ന് തന്നെ ഫണ്ട് സബ് ഡിവിഷനിൽ എത്തിയിരുന്നുവെന്നും മറുപടി ലഭിച്ചതായി കരാർ തൊഴിലാളികൾ പറയുന്നു. എന്നാൽ ചെക്കിൽ ഒപ്പിട്ടു നൽകേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഇതിനു തയാറാകാത്തതാണ് ശമ്പളം മുടങ്ങാൻ ഇടയാക്കിയതെന്നാണ് ഇവരുടെ ആരോപണം.
ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഇടയിൽ നാളുകളായി നിലനിൽക്കുന്ന ശീതസമരമാണ് ഒപ്പിടീൽ വൈകാൻ കാരണം. ഓണനാളുകൾ പോലും വീട്ടിൽ പോകാതെ ജോലി ചെയ്ത തങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിൽ കഴിയേണ്ട സാഹചര്യം സംബന്ധിച്ചു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകാനാണ് ഇവരുടെ തീരുമാനം.
ഓഫിസിൽ രണ്ട് പ്രധാന ഉദ്യോഗസ്ഥർ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സബ് ഡിവിഷൻ ഓഫിസിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചെന്ന് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ നേരത്തേ തന്നെ മന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. മന്ത്രിയുടെ ജില്ലയിൽ ദിവസവേതനക്കാർ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ സംഭവം നാണക്കേടിന് ഇടയാക്കി എന്നും ഇതു ഗൗരവത്തോടെ കാണേണ്ടതാണെന്നും പ്രാദേശിക കേരള കോൺഗ്രസ് നേതാക്കൾ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.