കോഴിക്കോട്:
കെ എസ്ആർ ടി സി വ്യാപാരസമുച്ചയം ഇനിമുതൽ മാക് ട്വിൻ ടവർ എന്ന പേരിൽ അറിയപ്പെടുമെന്ന് നിർമാതാക്കളായ കെ ടി ഡി എഫ്സി അറിയിച്ചു.ഇന്ന് വൈകീട്ട് അഞ്ചിന് വ്യാപാരകേന്ദ്രത്തിലൊരുക്കിയ പ്രത്യേകവേദിയിൽ ഗതാഗതമന്ത്രി ആൻറണിരാജു സമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന് കെട്ടിടം കൈമാറും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും.
വ്യാപാരസമുച്ചയത്തിൽ വരാൻ പോകുന്ന പരിഷ്കരണപദ്ധതികളുടെ വിഡിയോ പ്രസന്റേഷൻ ചടങ്ങിലുണ്ടാവും. ഇതിൽ പ്രധാനം കൈരളി തിയറ്ററിന് മുന്നിൽ നിന്ന് എസ്കലേറ്റർ വഴി മേൽപാലം ബിസിനസ് സെൻററിലേക്ക് വേണമെന്നതാണ്. രണ്ട് ടവറുകളിലായി 19 നിലകളുള്ള കൂറ്റൻ വ്യപാരസമുച്ചയത്തിലേക്ക് നിലവിലുള്ള പ്രവേശനവഴികൾ പോര എന്നാണ് വിലയിരുത്തൽ.
വ്യാപാരകേന്ദ്രം സജീവമാവുന്നതോടെ മാവൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് കോർപറേഷൻ മുതൽമുടക്കി ബി ഒ ടി കരാറിലാണ് കെട്ടിടം നിർമിച്ചത്.നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് കെ എസ്ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള 3.22 ഏക്കര്‍ സ്ഥലത്താണ്.
74.63 കോടി ചിലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ ടി ഡി എഫ് സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് കണക്ക്. കോഴിക്കോടിൻറെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് മുതല്‍കൂട്ടാകുന്ന കെ എസ്ആർ ടി സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്.കെട്ടിടം പാട്ടത്തിനു നൽകുന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ ആറു വർഷത്തെ അനിശ്ചിതത്വത്തിനാണ് വിരാമമാവുന്നത്.