Mon. Dec 23rd, 2024
നെടുങ്കണ്ടം:

കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസവും ശൂലപ്പാറ മന്നാക്കുടിയിൽ കാട്ടാനകൾ നാശം വിതച്ചിരുന്നു.

കാട്ടാന ആക്രമണത്തിൽ നാല് വീടുകൾ തകരുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്തിരുന്നു. തമിഴ്‌നാട് വനത്തിൽനിന്ന്‌ എത്തുന്ന ആനക്കൂട്ടമാണ് അതിർത്തി മേഖലയിൽ ഭീതി പരത്തുന്നത്. ഇവയെ തടയാനായാണ് സൗരോർജവേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ പറഞ്ഞു.

ഇതോടെ മേഖലയിലെ കാട്ടാന ആക്രമണം തടയാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. തമിഴ്‌നാട് അതിർത്തിയോട്‌ ചേർന്ന് വേലി സ്ഥാപിക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തുമെന്ന്‌ ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. തമിഴ്‌നാടുമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട് വനംവകുപ്പിന്റെ അനുമതിയോടെയായിരിക്കും ജോലികൾ ആരംഭിക്കുക. ഇതിനായി തമിഴ്‌നാട് വനംവകുപ്പിന് കത്ത് നൽകുമെന്നും തഹസിൽദാർ പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ വീടും കൃഷിയും നശിച്ചവരെയും സംഘം നേരിൽക്കണ്ടു. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒരുക്കാനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്‌ക്കൽ, പാറത്തോട് വില്ലേജ് ഓഫീസർ ടി എ പ്രദീപ്, പഞ്ചായത്തംഗങ്ങളായ ഡി ജയകുമാർ, പത്മ അശോകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.